മുംബൈ : ബോളിവുഡ് നടി മലൈക അറോറയുടെ അച്ഛൻ അനില്‍ അറോറയെ മരിച്ച നിലയില്‍ കണ്ടെത്തി. താമസ സ്ഥലത്തെ കെട്ടിടത്തില്‍ നിന്നും അനില്‍ ചാടി ആത്മഹത്യ ചെയ്തതാണെന്ന് പൊലീസിനെ ഉദ്ദരിച്ച് വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് അനില്‍ അറോറയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
പഞ്ചാബ് സ്വദേശിയായ അനില്‍ അറോറ ഇന്ത്യൻ മർച്ചൻ്റ് നേവിയില്‍ ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ചിരുന്നു. ജോയ്‌സ് പോളികാർപ്പാണ് മലൈക്കയുടെ അമ്മ. ഇവര്‍ മലയാളിയാണ്. മഹാരാഷ്ട്രയിലെ താനെയില്‍ ആയിരുന്നു മലൈക്കയും സഹോദരി അമൃത അറോറയും ജനിച്ചത്. തനിക്ക് പതിനൊന്ന് വയസുള്ളപ്പോള്‍ മുതല്‍ അച്ഛനും അമ്മയും വേർപിരിഞ്ഞ് താമസിക്കുകയാണെന്നും എന്നാല്‍ ഔദ്യോഗികമായി വിവാഹമോചനം നേടിയിട്ടില്ലെന്നും മുൻപൊരു അഭിമുഖത്തില്‍ മലൈക്ക തുറന്നു പറഞ്ഞിരുന്നു.