ആഗോള തിയറ്റര്‍ വ്യവസായത്തെ സംബന്ധിച്ച് ഇന്ത്യന്‍ സിനിമയെന്നാല്‍ അടുത്ത കാലം വരെ ബോളിവുഡ് ആയിരുന്നു. എന്നാല്‍ ഇന്ന് അങ്ങനെയല്ല. ബിഗ് ബജറ്റ് തമിഴ്, തെലുങ്ക് ചിത്രങ്ങളൊക്കെ വമ്പന്‍ സ്ക്രീന്‍ കൗണ്ടോടെയാണ് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ ഇന്ന് എത്തുന്നത്. അവയോട് മുട്ടാന്‍ ആവില്ലെങ്കിലും മലയാള സിനിമയും സമീപകാലത്ത് വലിയ വളര്‍ച്ച നേടിയിട്ടുണ്ട്. സ്ക്രീന്‍ കൗണ്ടും ഷോ കൗണ്ടുമൊക്കെ കുറവായിരിക്കുമെങ്കിലും യൂറോപ്പ് അടക്കമുള്ള മാര്‍ക്കറ്റുകളില്‍ നിരവധി രാജ്യങ്ങളിലേക്ക് ഇന്ന് മലയാള സിനിമ എത്തുന്നുണ്ട്. ഇപ്പോഴിതാ ആഗോള തലത്തില്‍ വമ്പന്‍ റിലീസുമായാണ് മോഹന്‍ലാല്‍ നായകനായ പുതിയ ചിത്രം മലൈക്കോട്ടൈ വാലിബന് എത്തുന്നത്.
യൂറോപ്പില്‍ 35 ല്‍ അധികം രാജ്യങ്ങളില്‍ ചിത്രം എത്തുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ യുഎസ് റിലീസ് സംബന്ധിച്ച വിവരങ്ങളും പുറത്തെത്തിയിരിക്കുകയാണ്. യുഎസില്‍ 39 സംസ്ഥാനങ്ങളിലെ 146 നഗരങ്ങളിലായാണ് വാലിബന് എത്തുക. ഇന്ത്യന്‍ സിനിമകളുടെ നോര്‍ക്ക് അമേരിക്കന്‍ വിതരണക്കാരായ പ്രൈം മീഡിയയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രേക്ഷകരുടെ ആവശ്യം ഉണ്ടാവുന്നപക്ഷം കൂടുതല്‍ നഗരങ്ങളില്‍ ചിത്രമെത്തിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും അവര്‍ അറിയിച്ചിട്ടുണ്ട്. അലബാമ, കാലിഫോര്‍ണിയ, ഫ്ലോറിഡ, ജോര്‍ജിയ, ഇന്ത്യാന അടക്കമുള്ള സംസ്ഥാനങ്ങളിലെല്ലാം ചിത്രത്തിന് നിലവില്‍ റിലീസ് തീരുമാനിച്ചിട്ടുണ്ട്.
മോഹന്‍ലാലിനൊപ്പം സൊണാലി കുല്‍ക്കര്‍ണി, മനോജ് മോസസ്, കഥ നന്ദി, ഡാനിഷ് സേഠ്, മണികണ്ഠന് ആചാരി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 130 ദിവസങ്ങളിൽ രാജസ്ഥാന്, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്ക് ആണ്. ജനുവരി 25 നാണ് ചിത്രത്തിന്റെ റിലീസ്.