മലപ്പുറം: മലപ്പുറം മങ്കടയില്‍ മദ്യപിച്ച് പൊലീസിന്‍റെ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ എഎസ്‌ഐയ്ക്ക് സസ്പെന്‍ഷന്‍. മലപ്പുറം സ്റ്റേഷനിലെ എഎസ്‌ഐ ഗോപി മോഹനെയാണ് സസ്പെനന്‍ഡ് ചെയ്തുകൊണ്ട് ജില്ലാ പൊലീസ് മേധാവി ഉത്തരവിറക്കിയത്. സംഭവത്തില്‍ എഎസ്‌ഐയ്ക്കെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് സസ്പെന്‍ഷന്‍ നടപടി. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനാണ് കേസ്. ഇന്നലെ രാത്രിയാണ് മലപ്പുറം മക്കരപ്പറമ്പില്‍ പൊലീസ് വാഹനം അപകടമുണ്ടാക്കിയത്. യുവാക്കള്‍ സഞ്ചരിച്ച കാറില്‍ പൊലീസ് വാഹനം ഇടിച്ച ശേഷം നിർത്താതെ പോയ മലപ്പുറം സ്റ്റേഷനിലെ എഎസ്‌ഐ ഗോപി മോഹനെ നാട്ടുകാരാണ് പൊലീസില്‍ ഏല്‍പ്പിച്ചത്. മൂന്ന് യുവാക്കള്‍ സഞ്ചരിച്ച കാറില്‍ ഇടിച്ച വാഹനം മറ്റൊരു ബൈക്കിനെയും ഇടിക്കാൻ ശ്രമിച്ചു.
നിർത്താതെ പോയ പൊലീസ് ജീപ്പ് നാട്ടുകാര്‍ തടയുകയായിരുന്നു. തുടര്‍ന്നാണ് മദ്യപിച്ച് ലക്കുകെട്ട് ബോധമില്ലാതെയാണ് പൊലീസുകാരന്‍ വണ്ടിയോടിച്ചതെന്ന് വ്യക്തമായത്. ഗോപി മോഹൻ വണ്ടിയെടുത്ത് പോകാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ സമ്മതിച്ചില്ല. പിന്നീട് മങ്കടയില്‍ നിന്ന് പൊലീസ് എത്തി ഗോപി മോഹനെ അറസ്റ്റ് ചെയ്തു. കാറില്‍ ഉണ്ടായിരുന്ന യുവാവിന്‍റെ പരാതിയില്‍ മദ്യപിച്ച് വണ്ടി ഓടിച്ചതിനും അപകടമുണ്ടാക്കിയതിനും ഗോപി മോഹനെതിരെ കേസ് എടുത്തിട്ടുണ്ട്. വൈദ്യ പരിശോധനയില്‍ മദ്യപിച്ചതായി വ്യക്തമായി. ഔദ്യോഗിക വാഹനത്തില്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ് എടുത്തിട്ടും ഇതുവരെ വകുപ്പുതല നടപടി ഒന്നും ഉണ്ടായിട്ടില്ല.