മലപ്പുറം: നിലമ്പൂര്‍ സഹകരണ അര്‍ബൻ ബാങ്കിന്‍റെ വഴിക്കടവ് ശാഖയുടെ എടിഎം കൗണ്ടറിലും വഴിക്കടവ് സുവര്‍ണനിധി ലിമിറ്റഡ് ധനകാര്യ ശാഖയിലും മോഷണ ശ്രമം നടത്തിയ പ്രതി പിടിയിലായി. തിരുവാലി പത്തിരിയാല്‍ പൂന്തോട്ടം നന്ദനം വീട്ടില്‍ അമല്‍ (27) ആണ് വഴിക്കടവ് പൊലീസിന്‍റെ പിടിയിലായത്. ഗൂഡല്ലൂരിലെ സ്വകാര‍്യ ലോഡ്ജില്‍ നിന്നാണ് വഴിക്കടവ് ഇൻസ്പെക്ടര്‍ മനോജ് പറയറ്റയും സംഘവും പ്രതിയെ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച പുലര്‍ച്ചെയാണ് വഴിക്കടവ് പഞ്ചായത്ത് അങ്ങാടിയിലെ എ.ടി.എം കൗണ്ടറില്‍ മോഷണ ശ്രമം നടന്നത്.
പഞ്ചായത്ത് അങ്ങാടിയിലെ തന്നെ സുവര്‍ണനിധി ധനകാര‍്യ സ്ഥാപനത്തിന്‍റെ പൂട്ടും മുറിക്കാൻ ശ്രമം നടത്തി. പൂട്ടിന്‍റെ പകുതിഭാഗം ആക്സോ ബ്ലേഡ് ഉപയോഗിച്ച് മുറിച്ചിരുന്നു. ഇത് പരാജയപ്പെട്ടതോടെയാണ് സമീപത്തെ എടിഎം കൗണ്ടറിലേക്ക് തിരിഞ്ഞത്. എന്നാൽ രണ്ടിടങ്ങളില്‍ നിന്നും പണം മോഷ്ടിക്കാനായില്ല. എടിഎമ്മില്‍ കയറിയ മുഖം മൂടി ധരിച്ച മോഷ്ടാവ് കൈ മഴു ഉപയോഗിച്ച് കൗണ്ടര്‍ വെട്ടിപ്പൊളിക്കാനുള്ള ശ്രമം നടത്തുന്നത് സിസിടിവിയില്‍ പതിഞ്ഞിരുന്നു. വഴിക്കടവ് ടൗണിലെയും പരിസരങ്ങളിലെയും 50 ഓളം സിസിടിവി കാമറകള്‍ പരിശോധിച്ചതില്‍ പ്രതിയുടെ മുഖം ഉള്‍പ്പടെയുള്ള ചിത്രം ലഭിച്ചു. ജില്ല പൊലീസ് മേധാവി ശശിധരന്‍റെ നിര്‍ദേശപ്രകാരം നിലമ്പൂര്‍ ഡിവൈഎസ്പി സാജു കെ അബ്രഹാം, വഴിക്കടവ് ഇൻസ്പെക്ടര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത‍്യേക സംഘം രൂപവത്കരിച്ച് അന്വേഷണം ഊര്‍ജിതപ്പെടുത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിന്നീട് കെഎസ്‌ആര്‍ടിസിയില്‍ പ്രതി തമിഴ്നാട്ടിലേക്ക് കടന്നതായി സൂചന ലഭിച്ചു. ഗൂഡല്ലൂരിലെത്തിയ പൊലീസ് തമിഴ്നാട് പൊലീസിന്‍റെ സഹായത്തോടെ ഗൂഡല്ലൂര്‍ ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിയെ നിലമ്പൂര്‍ കോടതി റിമാൻഡ് ചെയ്തു. വഴിക്കടവ് സ്റ്റേഷനിലെ എസ്‌ഐ അബൂബക്കര്‍, എഎസ്‌ഐ അനില്‍കുമാര്‍, പൊലീസ് ഓഫിസര്‍മാരായ അനു മാത്യൂ, കെ. നിജേഷ്, രതീഷ്, അഭിലാഷ്, ആസിഫ്, ഇ.ജി. പ്രദീപ്, വിനീഷ് മാന്തൊടി, പി. വിനു, പി.വി. നിഖില്‍, ഗൂഡല്ലൂര്‍ എസ്.ഐ ഇബ്രാഹിം, പൊലീസുകാരായ പ്രഭാകരൻ, അൻബലാഗൻ, ഷെഫീഖ് എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.