മലപ്പുറം: മലപ്പുറം പോത്തുകല്ല്, ആനക്കല്ലിലെ ഭൂമിക്കടിയില്‍ നിന്നുണ്ടായ സ്ഫോടന ശബ്ദത്തില്‍ പ്രതികരണവുമായി ജില്ലാ കളക്ടർ വിആർ വിനോദ്. ജനങ്ങളുടെ ആശങ്ക അകറ്റുമെന്ന് കളക്ടർ പറഞ്ഞു. സാധാരണ പ്രതിഭാസം മാത്രമാണ് പ്രദേശത്ത് സംഭവിച്ചതെന്നാണ് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്. ഭൂമികുലുക്കമായി അനുഭവപ്പെടുന്നില്ലെങ്കിലും ചെറിയ തോതില്‍ ഉണ്ടാവാനുളള സാധ്യത തള്ളിക്കളായാനാവില്ലന്നും കളക്ടർ പറഞ്ഞു.
പ്രദേശം സന്ദർശിച്ചതിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കളക്ടർ. ജിയോളജി, ഭൂജല വിദഗ്ധരുടെ നേതൃത്വത്തില്‍ പ്രദേശത്ത് കൂടുതല്‍ പരിശോധന നടത്തും. ആവശ്യമെങ്കില്‍ ഭൂമികുലുക്ക മുന്നറിയിപ്പ് സംവിധാനം പ്രദേശത്ത് സ്ഥാപിക്കും. നിലവില്‍ പ്രദേശത്തു നിന്ന് ജനങ്ങള്‍ താമസം മാറേണ്ട സാഹചര്യമില്ലന്നും കളക്ടർ വ്യക്തമാക്കി.