മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും യു.ഡി.ഐ.ഡി ലഭ്യമാക്കുന്ന ഇന്ത്യയിലെ ആദ്യ നഗരസഭയാകാന്‍ തയ്യാറെടുത്ത് മഞ്ചേരി

മലപ്പുറം: 2016ലെ ഭിന്നശേഷി അവകാശ നിയമത്തിന്റെ ചുവട് പിടിച്ച്‌ മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും യു.ഡി.ഐ.ഡി ലഭ്യമാക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യ നഗരസഭയാകാന്‍ മഞ്ചേരി തയ്യാറെടുക്കുന്നു. കഴിഞ്ഞ ആറ് മാസമായി ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചു. നഗരസഭയില്‍ തന്നെ 1200 ലധികം ഭിന്നശേഷിക്കാരെ കണ്ടെത്താനും അവര്‍ക്ക് യു.ഡി.ഐ.ഡി ലഭ്യമാക്കാനുമുള്ള ത്വരിത പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഇതോടൊപ്പം ഭിന്നശേഷിക്കാരുടെ സര്‍വേ ‘തന്മുദ്ര’ പ്രവര്‍ത്തനവും പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

Advertisements

യു.ഡി.ഐ.ഡിയെ കുറിച്ചുള്ള സംശയങ്ങളും പ്രശ്‌നങ്ങളും പരിഹരിക്കാനും ഭിന്നശേഷിക്കാരുടെ അവകാശ രേഖയായ യു.ഡി.ഐ.ഡി 100% ആളുകള്‍ക്കും ലഭ്യമാക്കുന്നതിനുമുള്ള അവസാന ഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി ആശ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, അക്ഷയ കേന്ദ്രങ്ങളുടെ പ്രതിനിധികള്‍ എന്നിവര്‍ക്കായി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ വി.എം. സുബൈദ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ നഗരസഭ വൈസ് ചെയര്‍മാന്‍ വി.പി ഫിറോസ് അധ്യക്ഷത വഹിച്ചു. കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ ജില്ല കോഓര്‍ഡിനേറ്റര്‍ ജിഷോ ജെയിംസ്, കോഓര്‍ഡിനേറ്റര്‍ റാഫി എന്നിവര്‍ യു.ഡി.ഐ.ഡി പരിശീലനത്തിന് നേതൃത്വം നല്‍കി. നഗരസഭ പരിധിയില്‍ ഇത് വരെ 1080 ഭിന്നശേഷിക്കാര്‍ യു.ഡി.ഐ.ഡി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 70 പേര്‍ക്ക് മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരാണ്. ഇവര്‍ക്കായി മഞ്ചേരി മെഡിക്കല്‍ കോളജില്‍ സ്‌പെഷ്യല്‍ ബോര്‍ഡ് ചേരുമെന്ന് ചെയര്‍പേഴ്‌സണ്‍ അറിയിച്ചു. രജിസ്‌ട്രേഷന്‍ ക്യാമ്ബയിന്‍ പൂര്‍ത്തിയായാല്‍ ഉടനെ തന്നെ ആവശ്യമെങ്കില്‍ യു.ഡി.ഐ.ഡി അദാലത്ത് സംഘടിപ്പിക്കുമെന്നും നഗരസഭ അധികൃതര്‍ പറഞ്ഞു.

Hot Topics

Related Articles