വയനാട്: മൈസൂരില്‍ നിന്നും മലപ്പുറം മഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന ലോറിയില്‍ നിന്ന് പിടിച്ചെടുത്തത് അരക്കോടി രൂപയോളം കമ്പോള വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍. KL-11-BT-2260 eicher എന്ന ലോറിയില്‍ പച്ചക്കറി ലോഡിൻ്റെ മറവിലാണ് നിരോധിത പുകയില ഉത്പന്നങ്ങള്‍ കടത്തിയത്. 180 ചാക്കുകളിലായി 2700kg ഹാൻസും, കൂടാതെ ഹാൻസ് പാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന 10 ബൻഡില്‍ റാപ്പര്‍ റോള്‍, 60 ബണ്ടില്‍ പ്രിന്റഡ് പാക്കിങ് കവര്‍ എന്നിവയാണ് പിടിച്ചെടുത്തത്.
മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റ് എക്സൈസ് ഇൻസ്പെക്ടർ എൻ.സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പുകയില ഉത്പന്നങ്ങള്‍ കണ്ടെടുത്തത്. പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തിക്കൊണ്ട് വന്ന ഷൗഹാൻ ഷർബാസ് (വയസ്-28/25), നൊട്ടൻ വീട്, വാളാട് (പി.ഒ), വാളാട് വില്ലേജ്, മാനന്തവാടി താലുക്ക് എന്നയാളെയും, കണ്ടെടുത്ത പുകയില ഉല്‍പ്പന്നങ്ങളും, വാഹനവും തുടർനടപടികള്‍ക്കായി സുല്‍ത്താൻ പോലീസിന് കൈമാറിയതായി മുത്തങ്ങ എക്സൈസ് അറിയിച്ചു. പ്രിവെൻ്റിവ് ഓഫീസർമാരായ സുരേന്ദ്രൻ എം കെ, വിജിത്ത് കെ ജി, സിവില്‍ എക്സൈസ് ഓഫീസർ ചന്ദ്രൻ പി കെ എന്നിവർ പരിശോധനയില്‍ പങ്കെടുത്തു.