65കാരന്റെ നായികയായി 32കാരി”; വിമർശനങ്ങൾക്ക് മറുപടിയുമായി മാളവിക മോഹനൻ

സത്യൻ അന്തിക്കാട്- മോഹൻലാൽ കോംബോയിൽ പുറത്തിറങ്ങുന്ന ഹൃദയപൂർവ്വത്തിന് വേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാലോകം. ഓഗസ്റ്റ് 28 ന് ഓണം റിലീസായാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. മാളവിക മോഹനൻ ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. ചിത്രത്തിലെ കാസ്റ്റ് പ്രഖ്യാപിച്ച സമയം തൊട്ടേ സമൂഹ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ഉയർന്നുവന്ന വിമർശനങ്ങളിൽ ഒന്നായിരുന്നു മോഹൻലാലിന്റെയും മാളവിക മോഹനന്റെയും പ്രായത്തെ മുൻനിർത്തിയുള്ള ചർച്ചകൾ. ’65 കാരന്റെ നായികയായി 32 കാരിയോ’ എന്നായിരുന്നു ഏറ്റവും കൂടുതലായി പ്രചരിക്കപ്പെട്ട കമന്റുകൾ.

Advertisements

എന്നാൽ ഇപ്പോഴിതാ ഇത്തരം കമന്റുകൾക്ക് മറുപടി നൽകിയിരിക്കുകയാണ് മാളവിക മോഹനൻ. ഒരു സിനിമയുടെ കഥയോ തിരക്കഥയോ അറിയാതെ ഇത്തരം കമന്റുകൾ ചെയ്യുന്നത് ബാലിശമാണെന്നാണ് മാളവിക മോഹനൻ പറയുന്നത്. “ഞാന്‍ ഒരു കമന്റിന് മറുപടി നല്‍കിയിരുന്നു. ഒരു സിനിമയുടെ കഥയോ തിരക്കഥയോ അറിയാതെ കമന്റ് ചെയ്യുന്നത് ബാലിശമാണ്. ആദ്യം സിനിമ റിലീസാകട്ടെ. സിനിമ കണ്ട ശേഷം അസാധാരണമായൊരു വിഷയമാണെന്ന് തോന്നുകയാണെങ്കില്‍ കമന്റ് ചെയ്യാം, അത് ന്യായമാണ്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അഭിപ്രായങ്ങളുണ്ടാകാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. പക്ഷെ ഒന്നുമറിയാതെ കമന്റ് ചെയ്യുന്നത് ശരിയല്ല.” ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ മാളവിക മോഹനൻ പറഞ്ഞു.

മലയാളികൾക്ക് എല്ലാകാലത്തും മികച്ച സിനിമകൾ സമ്മാനിച്ച കൂട്ടുകെട്ടാണ് മോഹൻലാൽ- സത്യൻ അന്തിക്കാട് കോംബോ. ടി.പി ബാലഗോപാലൻ എംഎ, ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്, സന്മനസ്സുള്ളവർക്ക് സമാധാനം, നാടോടികാറ്റ്, പട്ടണപ്രവേശം, വരവേൽപ്, പിൻഗാമി, രസതന്ത്രം, ഇന്നത്തെ ചിന്താവിഷയം, സ്നേഹവീട്, എന്നും എപ്പോഴും തുടങ്ങീ മികച്ച സിനിമകളാണ് ഈ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയിട്ടുള്ളത്. 

ഏറ്റവും പുതിയ ചിത്രമായ ‘ഹൃദയപൂർവ്വം’ ഓണം റിലീസായി തിയേറ്ററുകളിൽ എത്തുകയാണ്. പത്ത് വർഷങ്ങൾക്ക് ശേഷമാണ് സത്യൻ അന്തിക്കാട്- മോഹൻലാൽ കോംബോയിൽ ഒരു സിനിമ വരുന്നത്. സിനിമയിലെ മറ്റൊരു പ്രധാന ഘടകമെന്ന് പറയുന്നത് മോഹൻലാൽ- സംഗീത് പ്രതാപ് കോംബോ വരുന്നു എന്നുള്ളതാണ്. നേരത്തെ തരുൺ മൂർത്തിയുടെ തുടരും എന്ന ചിത്രത്തിൽ ഇരുവരുടെയും കോമ്പിനേഷൻ സീനുകൾ ഉണ്ടായിരുന്നു.

അതേസമയം അഖിൽ സത്യന്റെ കഥയ്ക്ക് സോനു ടി.പിയാണ് ഹൃദയപൂർവ്വത്തിന്റെ തിരക്കഥ രചിക്കുന്നത്. മാളവിക മോഹനൻ ആണ് ചിത്രത്തിൽ മോഹൻലാലിന്റെ നായികയായെത്തുന്നത്. കൂടാതെ സംഗീത്പ്രതാപ്, സംഗീത, സിദ്ധിഖ്, ലാലു അലക്സ്, ജനാർദ്ദനൻ, ബാബുരാജ് തുടങ്ങീ മികച്ച താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ ജസ്റ്റിൻ പ്രഭാകരൻ ആണ് സംഗീതം നൽകുന്നത്. സന്ദീപ് ബാലകൃഷ്ണൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. 

അതിഥി വേഷങ്ങളിൽ ബേസിൽ ജോസഫ്, മീര ജാസ്മിൻ എന്നിവരും ചിത്രത്തിൽ എത്തുന്നുണ്ട്. കുടുംബപ്രേക്ഷകരെ ഇപ്പോഴും തൃപ്തിപ്പെടുത്തുന്ന മോഹൻലാൽ- സത്യൻ അന്തിക്കാട് കൂട്ടുകെട്ട് പുതിയ ചിത്രത്തിലും പ്രേക്ഷകഹൃദയം കീഴടക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

Hot Topics

Related Articles