സിനിമ ഡസ്ക് : മലയാള സിനിമയില്‍ പുത്തൻ പരീക്ഷണവുമായി ‘ലൗലി’ എത്തുന്നു. വർഷങ്ങള്‍ക്ക് മുമ്ബിറങ്ങിയ പരീക്ഷണ ചിത്രം ‘ഓഫാബി’ക്ക് ശേഷം ആനിമേറ്റഡ് ക്യാരക്ടർ മുഖ്യ കഥാപാത്രമായെത്തുന്ന ഹൈബ്രിഡ് ചിത്രം ‘ലൗലി’ തിയേറ്ററുകളിലെത്തുന്നത് ത്രിഡിയിലാണ്.’ടമാര്‍ പഠാര്‍’ എന്ന ചിത്രത്തിന് ശേഷം ദിലീഷ് കരുണാകരൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടി. യുവതാരം മാത്യു തോമസ് നായകനായെത്തുന്ന ചിത്രത്തില്‍ നായികയായെത്തുന്നത് ഒരു ഈച്ചയാണെന്ന് കൗതുകമുണർത്തുന്നു.
സെമി ഫാന്റസി ജോണറിലെത്തുന്ന ചിത്രം നിർമിക്കുന്നത് വെസ്റ്റേണ്‍ ഗട്ട്സ് പ്രൊഡക്ഷന്സിന്റെയും നേനി എന്റർടെയ്ൻമെന്റ്സിന്റേയും ബാനറില്‍ ശരണ്യ സി. നായരും ഡോ. അമര്‍ രാമചന്ദ്രനും ചേര്‍ന്നാണ്. അടുത്ത വർഷം ജനുവരിയിലായാണ് സിനിമയുടെ റിലീസ്. ഒരു വലിയ ഈച്ചയുടെ മുന്നില്‍ ഒരു കുഞ്ഞ് മനുഷ്യൻ നില്‍ക്കുന്നതായിട്ടുള്ള ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറലായിരുന്നു.ഹോളിവുഡിലൊക്കെ ആനിമേറ്റഡ് ക്യാരക്ടറുകള്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന സിനിമകളില്‍ സിനിമാ താരങ്ങള്‍ തന്നെ അവയ്ക്ക് ശബ്ദം കൊടുക്കുന്നതുപോലെ ‘ലൗലി’യില്‍ നായികയായെത്തുന്ന ഈച്ചയ്ക്ക് ശബ്ദം കൊടുത്തിരിക്കുന്നത് നടി ഉണ്ണിമായ പ്രസാദാണെന്ന് സംവിധായകൻ ദിലീഷ് കരുണാകരൻ പറഞ്ഞു.ചിത്രത്തില്‍ ആനിമേറ്റഡ് ക്യാരക്ടറായെത്തുന്ന ഈച്ചയുടെ സീനുകള്‍ 45 മിനിറ്റോളം ദൈർഘ്യമുണ്ട്. 51 ദിവസമാണ് സിനിമയുടെ ഷൂട്ടിംഗിനായി എടുത്തതെങ്കിലും 400 ദിവസത്തിലേറെയായി സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷനുകള്‍ നടന്നുവരികയാണെന്നും സിനിമയുടെ ത്രീഡി കണവർട്ട് ചെയ്യുന്ന ജോലികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.മാത്യു തോമസിനെ കൂടാതെ മനോജ് കെ.ജയന്, ഉണ്ണിമായ, കെ.പി.എ.സി ലീല തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നു. സംവിധായകൻ ആഷിഖ് അബുവാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. വിഷ്ണു വിജയ് സംഗീത സംവിധാനം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് കിരണ്‍ ദാസ് ആണ്.