മലയാള സിനിമകൾ ഏറ്റെടുക്കാൻ കൂടുതൽ വിതരണക്കാർ വരണം , അത് സ്നേഹത്തിന്റെ പുറത്തോ വെറുതെയോ ചെയ്ത് തരേണ്ടെന്നും സിനിമ കണ്ട് ഇഷ്ടപ്പെട്ടാൽ മാത്രം മതി : ടൊവിനോ തോമസ്
മലയാള സിനിമകൾ ഏറ്റെടുക്കാൻ കൂടുതൽ വിതരണക്കാർ മുന്നോട്ട് വരണമെന്ന് നടൻ ടൊവിനോ തോമസ്. എന്നാൽ ഇതൊന്നും സ്നേഹത്തിന്റെ പുറത്തോ വെറുതെയോ ചെയ്ത് തരേണ്ടെന്നും സിനിമ കണ്ട് ഇഷ്ടപ്പെട്ടാൽ മാത്രം വിതരണത്തിനെടുത്താൽ മതിയെന്നും താരം അഭിപ്രായപ്പെട്ടു. ‘2018’ സിനിമയുടെ ജിസിസി റിലീസുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് ടൊവിനൊ ഇങ്ങനെ അഭിപ്രായപ്പെട്ടത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള ഒരു ചെറിയ സംസ്ഥാനമാണ് ഞങ്ങളുടേത്, കാലങ്ങളായി വളരെ നല്ല സിനിമകൾ ഞങ്ങൾ നിർമ്മിക്കുന്നുണ്ട്. എന്നാൽ കുറച്ച് തിയേറ്ററുകളിൽ മാത്രമേ ഞങ്ങൾക്ക് സിനിമ റിലീസ് ചെയ്യാനാകൂ എന്നത് ഒന്ന് സങ്കല്പിച്ച് നോക്കൂ.
മലയാള സിനിമകൾ ഏറ്റെടുക്കാൻ കൂടുതൽ വിതരണക്കാർ മുന്നോട്ട് വരട്ടെ എന്ന് ആശംസിക്കുകയാണ്,’ ടൊവിനോ പറഞ്ഞു.
“ഇത് സൗജന്യമായോ സ്നേഹം കൊണ്ടോ ചെയ്തുതരണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അവർ അത് കാണട്ടെ, ഇഷ്ടപ്പെട്ടാൽ മാത്രം വിതരണം ചെയ്താൽ മതി.
ഒരു സിനിമ ഒടിടിയിൽ റിലീസ് ചെയ്‌തതിന് ശേഷമോ ഓൺലൈനിൽ ചോർന്നതിന് ശേഷമോ ഞങ്ങളോട് സഹകരിക്കുന്നതിൽ അർത്ഥമില്ല. അതുകൊണ്ട് ആർക്കും ഒരു ഗുണവും ഉണ്ടാകില്ല.
ഒരു സിനിമ രാജ്യത്തുടനീളം എത്തിക്കുക എന്നത് ഞങ്ങളെ സംബന്ധിച്ച് ബുദ്ധിമുട്ടാണ്. എല്ലാ നിർമ്മാതാക്കളും പ്രൊമോഷനുകൾക്കായി ഭീമൻ തുക ചിലവഴിക്കാൻ പോകുന്നില്ല. ബോളിവുഡ് പ്രമോഷനുകൾക്കായി ചെലവഴിക്കുന്നതിനേക്കാൾ കുറവാണ് നമ്മുടെ സിനിമകളുടെ ബജറ്റ്.
ഈ നിയന്ത്രണങ്ങൾ ഞങ്ങളെ കൂടുതൽ കഠിനാധ്വാനം ചെയ്യാൻ പ്രേരിപ്പിക്കുന്നതാണ് കാലക്രമേണയുണ്ടായ വളർച്ചയ്ക്ക് കാരണം. അങ്ങനെയാണ് നല്ല സിനിമകൾ ഉണ്ടാകുന്നത്,’ ടൊവിനോ പറഞ്ഞു.