കൊച്ചി : പ്രതിഫലത്തില്‍ കാര്യത്തില്‍ ഇന്ത്യയിലെ സൂപ്പര്‍ താരങ്ങള്‍ പലപ്പോഴും മത്സരിക്കാറുണ്ട്. 250 കോടി വരെ പ്രതിഫലം വാങ്ങുന്നവര്‍ ഇന്ന് ഇന്ത്യയിലുണ്ട്.ഷാരൂഖ് ഖാന്, വിജയ്, രജനീകാന്ത്, പ്രഭാസ്, പോലുള്ള വമ്ബന്‍ താരങ്ങള്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ നൂറ് കോടി ക്ലബ് കടക്കുന്നവരാണ്. മലയാളത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും തന്നെയാണ് ഇപ്പോഴും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങള്‍.ഇതില്‍ തന്നെ മോഹന്‍ലാലിനെ അപേക്ഷിച്ച് മമ്മൂട്ടിയുടെ പ്രതിഫലം വളരെ കുറവുമാണ്. അതേസമയം ഇപ്പോഴിതാ തന്റെ പ്രതിഫലത്തെ കുറിച്ച് പൃഥ്വിരാജ് തുറന്ന് പറഞ്ഞിരിക്കുകയാണ്. ആടുജീവിതത്തിന്റെ പ്രമോഷന് വേളയിലാണ് പൃഥ്വി ഇക്കാര്യത്തെ കുറിച്ച് വെളിപ്പെടുത്തിയത്.
താന്‍ സിനിമകള്‍ക്കായി പ്രതിഫലം വാങ്ങാറില്ലെന്ന് പൃഥ്വിരാജ് വെളിപ്പെടുത്തി. താന്‍ മാത്രമല്ല ബോളിവുഡ് നടന് അക്ഷയ് കുമാറും ഇങ്ങനെ തന്നെയാണ് ചെയ്യുന്നതെന്നും പൃഥ്വി വെളിപ്പെടുത്തി. പൃഥ്വിരാജ് മലയാളത്തിന് പുറമേ ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഈ സിനിമാ മേഖലകളും മലയാള സിനിമയും തമ്മിലുള്ള വ്യത്യാസവും പൃഥ്വി തുറന്ന് പറഞ്ഞു. മറ്റ് ഇന്‍ഡസ്ട്രികളെ അപേക്ഷിച്ച് മലയാളത്തില്‍ സിനിമയ്ക്കായുള്ള ബജറ്റ് കൂടുതലും നിര്‍മാണത്തിനാണ് ചെലവിടുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു. താരങ്ങളുടെ പ്രതിഫലത്തിനല്ല മലയാള സിനിമയില്‍ പ്രാധാന്യം നല്‍കുന്നത്. സിനിമ നിര്‍മിക്കുന്നതിലാണ് ആ ബജറ്റ് കൂടുതലായും അനുവദിക്കുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മലയാള സിനിമ മേഖല ഏതെങ്കിലും ഇന്‍ഡസ്ട്രിയുടെ മുകളിലാണെന്ന് പറയാന്‍ ഞാനില്ല. എന്നാല്‍ ഒരു കാര്യം എനിക്ക് ഉറപ്പ് പറയാന്‍ സാധിക്കും. സിനിമയുടെ ബജറ്റ് കൂടുതലായും താരങ്ങളുടെ പ്രതിഫലത്തിന് പോകുന്ന ഇന്‍ഡസ്ട്രിയല്ല മലയാളം. കാരണം സിനിമയുടെ മേക്കിംഗിനായി ബജറ്റിന്റെ നല്ലൊരു ശതമാനവും മലയാളത്തില്‍ ചെലവാക്കും. മറ്റ് ഇന്ഡസ്ട്രികളില് 75 കോടിയാണ് ബജറ്റ് എങ്കില്‍ അതില്‍ 55 കോടിയും പ്രതിഫലത്തിനായിട്ടാണ് ചെലവാക്കുന്നത്. മലയാള സിനിമയുടെ കാര്യത്തില്‍ ഈ രീതി ഒരിക്കലും പിന്തുടരാറില്ലെന്നും പൃഥ്വിരാജ് വ്യക്തമാക്കി. താനും അക്ഷയ് കുമാറും സിനിമയ്ക്കായി പ്രതിഫലം വാങ്ങുന്ന രീതി സ്വീകരിക്കാറില്ലെന്നും താരം പറഞ്ഞു. പ്രതിഫലം വാങ്ങുന്നതിലൂടെ സിനിമയ്ക്ക് തന്നെ അത് പ്രതിസന്ധിയുണ്ടാക്കും. ബജറ്റ് സംബന്ധമായ പ്രശ്നങ്ങള്‍ ധാരാളമുണ്ടാകാം അതിലൂടെ ഷൂട്ട് തന്നെ തടസ്സപ്പെടാം. എന്റെ കാര്യത്തില്‍ ഒരു സിനിമ ഏറ്റവും നല്ല രീതിയില്‍ ഷൂട്ട് ചെയ്യാമെന്നാണ് ഞാന്‍ പറയാറുള്ളത്. അതുകൊണ്ട് പ്രതിഫലം വാങ്ങാറില്ല. പകരം ലാഭവിഹിതമാണ് ഞാന്‍ വാങ്ങാറുള്ളത്. എന്റെ ചിത്രം നന്നായി ഓടിയില്ലെങ്കില്‍ എനിക്ക് ലാഭമൊന്നും കിട്ടില്ല.
ഒരു രൂപ പോലും കിട്ടാത്ത സാഹചര്യവുമുണ്ടാവും. എന്റെ ചിത്രത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയാണ് ചെയ്യാറുള്ളത്. ചിത്രങ്ങള്‍ അതുപോലെ ലാഭം നേടിയാല്‍ എന്റെ പ്രതിഫലത്തേക്കാള്‍ കൂടുതല്‍ ലഭിക്കാറുമുണ്ട്. ഒരു നിര്‍മാതാവിന് പണമുണ്ടെങ്കില്‍ അത് മുഴുവന്‍ സിനിമയ്ക്കായി ഉപയോഗിക്കാം. അക്ഷയ് കുമാറും ഈ രീതിയിലാണ് ചെയ്യാറുള്ളത്. സെല്‍ഫി എന്ന ചിത്രം ഞങ്ങള്‍ നിര്‍മിച്ചിരുന്നു.അതില്‍ അക്ഷയ് കുമാര്‍ ആയിരുന്നു നായകന്. അതില്‍ അദ്ദേഹം പ്രതിഫലം വാങ്ങിയില്ലെന്നും പൃഥ്വിരാജ് വ്യക്തമാക്കി.