മുവി ഡെസ്ക്ക് : താൻ ഇതുവരെ ചെയ്തതില്‍ നിന്നും വ്യത്യസ്തമായ സിനിമയായിരിക്കും ‘ഐ ആം കാതലൻ’ എന്ന് സംവിധായകൻ ഗിരീഷ് എഡി.കഴിഞ്ഞ വർഷം ഷൂട്ടിംഗ് പൂർത്തിയായ ചിത്രമാണെന്നും മറ്റ് പല കാരണങ്ങള്‍ കൊണ്ടാണ് ‘പ്രേമലു’ ചെയ്യാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഒരു അഭിമുഖത്തിലാണ് ഗിരീഷ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. ‘ഐ ആം കാതലൻ എന്ന സിനിമ ഒരു വർഷം മുമ്ബ് ഷൂട്ട് ചെയ്ത സിനിമയാണ്. കഴിഞ്ഞ വർഷം ജനുവരിയില്‍ സിനിമയുടെ ഷൂട്ട് കഴിഞ്ഞിരുന്നു. ആ സിനിമയ്ക്ക് കുറച്ച് പ്രശ്നങ്ങള്‍ വന്നത് കാരണമാണ് ഞാൻ പ്രേമലുവിലേക്ക് വന്നത്. ആ സിനിമയുടെ ബാക്കി പരിപാടികള്‍ തീർത്ത് ഇനി അത് ചെയ്യണം. പടം ചെറുതാണ് പക്ഷേ വെറൈറ്റി പരിപാടിയാണ്. ഞാൻ തുടർച്ചയായി ചെയ്തു വന്ന പാറ്റേണില്‍ നിന്നു വ്യത്യസ്തമായ ഒരു സംഭവമായിരിക്കും. അത്രയും മാത്രമേ ഈ ഘട്ടത്തില്‍ പറയാൻ സാധിക്കുകയുള്ളൂ’. ഗിരീഷ് പറഞ്ഞു.
അതേസമയം, ഗിരീഷ് സംവിധാനം ചെയ്ത ‘പ്രേമലു’ ബ്ലോക്ക്ബസ്റ്റർ ഹിറ്റിലേക്കാണ് നീങ്ങുന്നത്. രാജ്യത്താകമാനം ചിത്രം ഇതിനോടകം 28 കോടിയില്‍ കൂടുതല്‍ സ്വന്തമാക്കി. ആഗോളതലത്തില്‍ 50 കോടിയിലധികം രൂപ ഇതുവരെ ചിത്രം നേടി. കൂടാതെ, യുകെയില്‍ മലയാള സിനിമകളുടെ കളക്ഷനില്‍ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ‘പ്രേമലു’. ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ നസ്ലിനും മമത ബൈജുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.