തിരുവനന്തപുരം : ലഹരി ഉപയോഗിച്ച് പല്ല് പൊടിഞ്ഞ നടന്റെ പേര് വ്യക്തമാക്കാന്‍ ടിനി ടോം തയാറായില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് സംവിധായകനും നടനുമായ എം എ നിഷാദ്. ടിനിയുടെ ആരോപണത്തോടെ പലരും സംശയ നിഴലിലാണെന്നും അദ്ദേഹം പറഞ്ഞു. ”പൊതുസമൂഹത്തില്‍ പരസ്യമായാണ് ടിനി ടോം ഇക്കാര്യം പറഞ്ഞിട്ട് രണ്ടുമാസമായി. ഏതോ ഓരു ലഹരിവിമുക്ത ക്യാംപയിന്റെ ബ്രാന്‍ഡ് അംബാസഡറാണെന്ന് അദ്ദേഹമെന്നും പറയപ്പെടുന്നു.
അങ്ങനെയാണെങ്കില്‍ ആ നടന് ആരാണെന്ന് പറയാന്‍ ഉത്തരവാദിത്തമുണ്ട്. എക്സൈസിന് മൊഴികൊടുത്തുവെന്നാണ് പറയുന്നത്. പക്ഷേ ഇക്കാര്യത്തില്‍ ഒരു സ്ഥിരീകരണവും വന്നിട്ടില്ല. സാമൂഹിക പ്രതിബദ്ധതയുള്ള ഒരു വ്യക്തിയെന്ന നിലയില്‍ പൊതുസമൂഹത്തിന് മുന്നില്‍ പറഞ്ഞ കാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടത് അദ്ദേഹത്തിന്റെ കടമയാണ്. അല്ലെങ്കില്‍ ഈവെളിപ്പെടുത്തലിന് പുറകില്‍ എന്തെങ്കിലും അജണ്ടയുണ്ടോ എന്ന് സംശയിക്കേണ്ടിവരും. ആ നടന്റെ പേര് വെളിപ്പെടുത്തിയില്ലെങ്കില്‍ നിയമനടപടിക്ക് പോകേണ്ടിവരും”- എം എ നിഷാദ് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മയക്കുമരുന്നുപയോഗിച്ച് പല്ലുപൊടിഞ്ഞ നടന് ആരെന്ന് ടിനി ടോം വ്യക്തമാക്കണമെന്ന് ഫെഫ്ക പ്രസിഡണ്ട് ബി ഉണ്ണികൃഷ്ണനും ആവശ്യപ്പെട്ടിരുന്നു. എക്സൈസ് ഉദ്യോഗസ്ഥര്‍ ടിനി ടോമില്‍ നിന്ന് മൊഴിയെടുക്കണെന്നാണ് ഉണ്ണികൃഷ്ണന് ആവശ്യപ്പെട്ടത്. ടിനി ടോമിന്റെ പ്രസ്താവനയാണ് ഷൂട്ടിംഗ് ലൊക്കേഷനില്‍ പോലീസും എക്സൈസും കയറിയിറങ്ങുന്ന അവസ്ഥ സംജാതമാക്കിയതെന്നാണ് ഫെഫ്ക അടക്കമുള്ള സംഘടനകള്‍ കരുതുന്നത്.
സംവിധായകന് നജീം കോയയുടെ മുറിയില്‍ രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് പരിശോധന നടത്തിയതോടെയാണ് വിഷയം വീണ്ടും ചര്‍ച്ചയായിരിക്കുന്നത്. സിനിമയിലുള്ളവര്‍ തന്നെയാണ് നജീമിനെ കുടുക്കാന്‍ ശ്രമിച്ചെന്നാണ് സംശയം. മയക്കുമരുന്നുപയോഗിക്കുന്ന നടന്മാരുടെ ലിസ്റ്റ് ഉണ്ടെന്ന് നേരത്ത അമ്മ ഭാരവാഹിയായ ബാബുരാജ് പറഞ്ഞതും വിവാദമായിരുന്നു.