ഹൈദരാബാദ്: പാൻ-ഇന്ത്യൻ താരം എന്ന പദവിയിലാണ് നടന്‍ പ്രഭാസ്. ഏറ്റവും പുതിയ വിവരം അനുസരിച്ച് ഓരോ ചിത്രത്തിനും 150 കോടിയോളം രൂപയാണ് പ്രഭാസിന്‍റെ ശമ്പളം. അടുത്തിടെ കെജിഎഫ് ഫ്രാഞ്ചൈസിയുടെ നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസുമായി താരം അടുത്തിടെ മൂന്ന് സിനിമകളുടെ കരാർ ഒപ്പിട്ടുവെന്നാണ് പുതിയ വിവരം. ഹോംബാലെ ഫിലിംസ് ഇതേക്കുറിച്ച് ഔദ്യോഗികമായി തന്നെ ഇത് സംബന്ധിച്ച പ്രസ്താവന നടത്തിയിട്ടുണ്ട്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന സലാർ 2 ആയിരിക്കും ആദ്യ പ്രോജക്റ്റ്. നിലവിലുള്ള ഊഹാപോഹങ്ങള്‍ അനുസരിച്ച് ലോകേഷ് കനകരാജും പ്രശാന്ത് വർമ്മയും ഹോംബാലെ ഫിലിംസിനായി പ്രഭാസിനൊപ്പം മറ്റ് രണ്ട് പ്രോജക്റ്റുകള്‍ സംവിധാനം ചെയ്യും എന്നാണ് വിവരം. എന്നാല്‍ ഏതൊക്കെ ചിത്രങ്ങള്‍ എന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വരാനിരിക്കുകയാണ്.അപ്‌ഡേറ്റ് അനുസരിച്ച് മൂന്ന് സിനിമകളുടെ കരാറിനായി പ്രഭാസ് ഈടാക്കുന്നത് 575 കോടി രൂപയാണ് എന്നാണ് വിവരം. ഇതുവരെയുള്ള ഇന്ത്യന്‍ സിനിമയില്‍ ഒരു നടനുമായി ഒരു പ്രൊഡക്ഷന്‍ കമ്ബനി ഒപ്പുവയ്ക്കുന്ന ഏറ്റവും വലിയ കരാറാണ് ഇത്. എല്ലാ ഭാഷകളിലും സാന്നിധ്യമുള്ള പ്രഭാസിന്‍റെ സ്റ്റാര്‍ ഡം പരമാവധി മുതലെടുക്കുക എന്നതാണ് ഈ ഡീലിലൂടെ ഹോംബാലെ ഫിലിംസ് ഉദ്ദേശിക്കുന്നത് എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്.നിരവധി മുൻനിര നിർമ്മാതാക്കള്‍ പ്രഭാസിനൊപ്പമുള്ള പടത്തിനായുള്ള ശ്രമത്തിലാണ്. അതിനിടെയാണ് കന്നഡ നിര്‍മ്മാതാക്കളായ ഹോംബാലെ വന്‍ കരാര്‍ ഒപ്പിട്ടിരിക്കുന്നത്. രാജാ സാബ്, ഫൗജി എന്നീ ചിത്രങ്ങളാണ് പ്രഭാസിന്‍റെതായി ഉടന്‍ പ്രതീക്ഷിക്കുന്ന ചിത്രങ്ങള്‍. സന്ദീപ് റെഡ്ഡി വംഗയുടെ സ്പിരിറ്റും പ്രഭാസിന്‍റെതായി വരാനുണ്ട്.എന്തായാലും അടുത്തകാലത്ത് പരാജയമായിട്ടും 100 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയ ചിത്രങ്ങള്‍ മാത്രം അക്കൗണ്ടിലുള്ള പ്രഭാസിന്‍റെ ‘ദിനോസര്‍ ഡീല്‍’ എന്നാണ് പുതിയ കരാറിനെ എക്സിലും മറ്റും വിശേഷിപ്പിക്കുന്നത്.