ശ്രീജേഷിന്റെ പുതിയ റോൾ ഒളിംപിക്സിനു ശേഷം തീരുമാനിക്കും: ഇന്ത്യൻ പരിശീലകൻ

ചെന്നൈ: ഒളിംപിക്സിനുശേഷം വിരമിക്കുന്ന മലയാളി ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷിന്‍റെ അടുത്ത റോള്‍ ഒളിംപിക്സിന് ശേഷം തീരുമാനിക്കുമെന്ന് ഇന്ത്യൻ ഹോക്കി പരിശീലകന്‍ ക്രെയ്ഗ് ഫുള്‍ട്ടൻ. ശ്രീജേഷിന്‍റെ കരിയറിലെ ഏറ്റവും മികച്ച ടൂർണമെന്‍റ് പാരീസിലുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഫുള്‍ട്ടൻ പറഞ്ഞു. ടീം തെരഞ്ഞെടുപ്പില്‍ യാഥാസ്ഥിതിക സമീപനം സ്വീകരിച്ചെന്ന വിമർശനം ഫുള്‍ട്ടൻ തള്ളി. പരിചയസമ്പന്നരായ കളിക്കാ‍ർ ടീമിലുണ്ടെങ്കിലേ വലിയ ടൂർണമെന്‍റുകള്‍ വിജയിക്കാനാകൂവെന്നും ബെല്‍ജിയം ചാംപ്യന്മാരാകുന്നത് എങ്ങനെയെന്ന് നോക്കൂവെന്നും ഫുള്‍ട്ടൻ പറഞ്ഞു. ഞാന്‍ വന്നിട്ട് 13 മാസമേ ആയുള്ളു. നാലുവര്‍ഷം കഴിയട്ടെ എന്നിട്ട് പറയാം. എന്തായാലും ഇന്ത്യക്ക് അഭിമാനകരമായ നേട്ടം പാരീസിലുണ്ടാകും. അതിന് ഇന്ത്യൻ ആരാധകരുടെ പിന്തുണ വേണമെന്നും ഫുള്‍ട്ടൻ അഭ്യര്‍ത്ഥിച്ചു.

Advertisements

വിരമിച്ചശേഷം ശ്രീജേഷ് ഇന്ത്യൻ ഹോക്കി ടീമിന്‍റെ സഹപരിശീലകനാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഇന്ത്യൻ ഹോക്കി ടീം നായകനെന്ന നിലയിലും ഗോള്‍ കീപ്പറെന്ന നിലിയലും ഒന്നര ദശകത്തോളം തകരാത്ത വിശ്വാസമായി ഇന്ത്യക്ക് കാവല്‍ നിന്ന ശ്രീജേഷ് ഇന്നലെയാണ് വികാരനിര്‍ഭരമായ കുറിപ്പിലൂടെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. എന്നില്‍ വിശ്വസിച്ചതിന് നന്ദി. ഇവിടെ ഒരു അധ്യായത്തിന്‍റെ അവസാനവും പുതിയ സാഹസികതയുടെ തുടക്കവുമാണിത്. 2020ല്‍ ടോക്കിയോയില്‍ ഞങ്ങള്‍ നേടിയ ഒളിംപിക് വെങ്കല മെഡല്‍, ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു. കണ്ണീരും, സന്തോഷവും, അഭിമാനവും, അങ്ങനെയെല്ലാം അതിലടങ്ങിയിരിക്കുന്നു. രാജ്യാന്തര ഹോക്കിയിലെ എന്‍റെ അവസാന അങ്കത്തിന്‍റെ പടിക്കല്‍ നില്‍ക്കുമ്ബോള്‍, എന്‍റെ ഹൃദയം നന്ദിയും കൃതജ്ഞതയും കൊണ്ട് വീർപ്പുമുട്ടുന്നു. ഈ യാത്രയില്‍ എനിക്കൊപ്പം നില്‍ക്കുകയും സ്നേഹവും പിന്തുണയും നല്‍കുകയും ചെയ്ത കുടുംബത്തിനും ടീമംഗങ്ങള്‍ക്കും പരിശീലകർക്കും ആരാധകർക്കും നന്ദി, എന്നായിരുന്നു ശ്രീജേഷിന്‍റെ കുറിപ്പ്.

Hot Topics

Related Articles