യുകെയിൽ ഉണ്ടായ കാര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു

കാര്‍ഡിഫ് : മേയ് 3 ന് കാര്‍ഡിഫിന് അടുത്ത് വച്ച് നടന്ന കാര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു. സൗത്ത് വെയില്‍സ് സര്‍വ്വകലാശാലയിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയായ മലപ്പുറം സ്വദേശിനി ഹെല്‍ന മരിയയാണ് ജൂൺ 20 വ്യാഴാഴ്ച വൈകിട്ട് വിട വാങ്ങിയത്. കാറിലുണ്ടായിരുന്ന നാല് പേരില്‍ മൂന്ന് പേര്‍ക്ക് സാരമായ പരിക്ക് പറ്റിയിരുന്നു. അവരില്‍ ഹെല്‍ന മരിയ ഗുരുതരാവസ്ഥയില്‍ കാര്‍ഡിഫ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ വെന്റിലേറ്ററില്‍ പരിചരണത്തിലായിരുന്നു. ഹെല്‍നയുടെ തിരിച്ചു വരവിനായുള്ള പ്രാര്‍ത്ഥനകള്‍ക്കിടെയാണ് മാതാപിതാക്കളെ തേടി മരണ വാര്‍ത്ത എത്തിയത്.

Advertisements

ഗുരുതരമായി പരിക്കേറ്റ ഹെല്‍ന കഴിഞ്ഞ ഒന്നര മാസത്തിലധികമായി വെന്റിലേറ്ററില്‍ ജീവനു വേണ്ടി പോരാടുകയായിരുന്നു. 2024 ഏപ്രിലിലാണ് കാര്‍ഡിഫിനടുത്തുള്ള സൗത്ത് വെയില്‍സ് സര്‍വ്വകലാശാലയില്‍ നഴ്‌സിംഗ് പഠിക്കാനാണ് ഹെല്‍ന യു കെ യിലെത്തിയത്. യുകെയില്‍ വന്ന് ഒരു മാസം കഴിഞ്ഞപ്പോള്‍ തന്നെ അപകടം നടന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ബ്രേക്ക് ഡൌണ്‍ ആയി നിയന്ത്രണം നഷ്ടപ്പെടുകയും ഭിത്തിയില്‍ ഇടിക്കുകയുമാണുണ്ടായത്. മകളുടെ അപകട വാര്‍ത്ത അറിഞ്ഞ ഉടനെ തന്നെ ഒരാഴ്ചക്കുള്ളില്‍ മാതാപിതാക്കള്‍ കേരളത്തില്‍ നിന്നും
യുകെയില്‍ എത്തി. മലപ്പുറം ജില്ലയിലെ നിലമ്പൂരിലെ പാലാങ്കര ശ്രീ സിബിച്ചന്‍ പാറത്താനത്തിന്റെയും (റിട്ടയേര്‍ഡ് എസ്‌ ഐ, കേരള പോലീസ്) ശ്രീമതി സിന്ധുവിന്റെയും മൂത്ത മകളായിരുന്നു ഹെല്‍ന. യു കെ യിലെ എല്ലാ നിയമ നടപടികളും പൂര്‍ത്തിയാക്കിയ ശേഷം ഹെല്‍നയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകും.

Hot Topics

Related Articles