ന്യൂഡൽഹി: ഏത് പാർട്ടിയില്‍ നിന്നായാലും രാജ്യത്തെ വിഭജിക്കണമെന്ന് ആരെങ്കിലും പറഞ്ഞാല്‍ അനുവദിക്കാനാകില്ലെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കേന്ദ്രത്തില്‍ നിന്ന് കൃത്യമായി ഫണ്ട് കിട്ടുന്നില്ലെന്നാരോപിച്ച് ദക്ഷിണേന്ത്യക്ക് മാത്രമായി വേറെ രാജ്യം ആവശ്യപ്പെട്ട കോണ്‍ഗ്രസ് എം.പി ഡി.കെ.സുരേഷിന്റെ വിവാദ പരാമർശത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘രാജ്യത്തെ വിഭജിക്കാൻ ആരെങ്കിലും പറഞ്ഞാല്‍ അതൊരിക്കലും ഞങ്ങള്‍ അനുവദിക്കില്ല. അങ്ങനെ ആവശ്യപ്പെടുന്നയാള്‍ ഏത് പാർട്ടിയില്‍നിന്നുള്ള ആളായാലും, അത് എന്റേതാവട്ടെ മറ്റേതെങ്കിലുമാവട്ടെ, കന്യാകുമാരി മുതല്‍ കശ്മീർവരെ നമ്മള്‍ ഒന്നാണെന്നും എന്നും ഒന്നായിരിക്കുമെന്നുമാണ് എനിക്ക് പറയാനുള്ളതെന്നും ഖാർഗെ പാർലമെന്റില്‍ പറഞ്ഞു.
വ്യാഴാഴ്ച പാർലമെന്റില്‍ കേന്ദ്ര നിയമമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച 2024-25 ഇടക്കാല ബജറ്റിനെതിരെ പ്രതികരിക്കുമ്പോഴായിരുന്നു ഡി.കെ.സുരേഷ് വിവാദ പ്രസ്താവന നടത്തിയത്. ദക്ഷിണേന്ത്യയോട് അനീതിയാണ് കാണിച്ചതെന്നും ദക്ഷിണേന്ത്യയിലെ സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട ഫണ്ട് തിരിച്ചുവിട്ട് ഉത്തരേന്ത്യയില്‍ വിതരണം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇതിനിടെ, സുരേഷിന്റെ പ്രസ്താവനയുടെ പേരില്‍ കോണ്‍ഗ്രസിനെ ബിജെപി കടന്നാക്രമിച്ചു. പഴയ വലിയ പാർട്ടിക്ക് വിഭജിച്ച് ഭരിച്ചുള്ള ശീലമാണുള്ളതെന്ന് എംപി തേജസ്വി സൂര്യ പറഞ്ഞു.