കടുത്തുരുത്തി: സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിൽ മികച്ച ശബ്ദമിശ്രണത്തിനുള്ള അവാർഡ് നേടി കല്ലറ സ്വദേശി ശരത് മോഹൻ. ബ്ലസി സംവിധാനം ചെയ്ത ആടുജീവിതം എന്ന സിനിമയ്ക്ക് വേണ്ടി ശബ്ദമിശ്രണം ചെയ്തിനാണ് ശരത് മോഹന് അവാർഡ് ലഭിച്ചത്. കല്ലറ കോമളവിലാസം മോഹനൻ്റെയും ശാരദയുടെ രണ്ടാമത്തെ മകനായ ശരത് പതിനാല് വർഷമായി മുംബൈ കേന്ദ്രീകരിച്ച് ഈ മേഖലയിൽ പ്രവർത്തിക്കുകയാണ്. 114-ഓളം സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് അവാർഡ് കിട്ടുന്നതെന്നും അത് മലയാളത്തിൽ നിന്നായതിൽ ഏറെ സന്തോഷിക്കുന്നുവെന്നും ശരത് പറഞ്ഞു.
ചെറുപ്പം മുതൽ പാട്ട് പഠിച്ചിരുന്ന ശരത് സിഎംഎസ് കോളേജിലെ തൻ്റെ ഡിഗ്രി പഠന കാലത്ത് കർണാടിക് സംഗീതം പഠിക്കുന്നതിനായി സംഗീത സംവിധായകൻ ജയ്സൺ ജെ നായരുടെ അടുത്ത് എത്തിയതാണ് വഴിത്തിരിവായത്. അദ്ദേഹം പറഞ്ഞതനുസരിച്ച് തൃശൂർ ചേതന സ്റ്റുഡിയോയിൽ 2008 ൽ ശബ്ദമിശ്രണ കോഴ്സിന് ചേർന്ന് പഠിക്കുകയായിരുന്നു. പഠനത്തിന് ശേഷം 2010 മുതൽ മുംബൈ കേന്ദ്രീ കരിച്ച് സിനിമ മേഖലയിൽ പ്രവർത്തിച്ചു വരുന്നു.എസ് എസ് രാജമൗലിയുടെ ബാഹുബലി എന്ന സിനിമയിലും അസോസിയേറ്റ് മിക്സ് എഞ്ചിനിയറായി. ഏ ആർ റഹ്മാനോടെപ്പം മോഹൻ ജദാരോ, സച്ചിൻ എന്നീ സിനിമകളിൽ അസോസിയേറ്റ് ആയും ഷിക്കാര ആടുജീവിതം എന്നിവയിൽ മിക്സിഗ് എഞ്ചിനീയറായും പ്രവർത്തിച്ചു. റസൂൽ പൂക്കുട്ടിയോടൊപ്പം ആടുജീവിതമുൾപ്പടെ മൂന്ന് സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജോലി തേടിയെത്തി മരുഭൂമിയിൽ ഒറ്റപ്പെട്ട് ദുരിത ജീവിതം നയിക്കേണ്ടി വന്ന നജീബിൻ്റെ ജീവിതം കാണിക്കുന്ന രംഗങ്ങളിൽ ഇമോഷൻസിന് പ്രാധാന്യം കൊടുക്കുന്ന എല്ലാ ശബ്ദവും മിക്സ് ചെയ്ത് പ്രക്ഷകർക്ക് മുന്നിലേക്ക് എത്തിക്കാനാണ് സംവിധായകൻ ബ്ലസി നിർദ്ദേശിച്ചത് എന്ന് ശരത് പറഞ്ഞു. പെരിയോനെ എന്ന ഗാനം മരുഭൂമിയിലെ അകലങ്ങളിൽ നിന്ന് നജീബ് കേൾക്കുന്നതായും മിക്സ് ചെയ്യണമെന്നും നിർദ്ദേശിച്ചു. കഴിഞ്ഞ വർഷം നവംബറിൽ മുംബെയിലെ കാനറീസ് പോസ്റ്റ് സൗണ്ട് സ്റ്റുഡിയോയിലും, ചെന്നൈയിലെ എ എം സ്റ്റുഡിയോയിലുമായി രണ്ട് ഘട്ടമായാണ് ആടുജീവിതം സിനിമയുടെ സൗണ്ട് മിക്സിംഗ് നടന്നത്. നല്ല രീതിയിൽ ഈ സിനിമയ്ക്ക് വേണ്ടി പ്രവർത്തിച്ചു എന്നും അവാർഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്നും ശരത് പറയുന്നു. ചെന്നൈയിൽ ഡേറ്റാ അനലിസ്റ്റ് ആയ ശില്പയാണ് ശരതിൻ്റെ ഭാര്യ. പതിമൂന്ന് ദിവസം പ്രായമുള്ള ധ്വനി മകളാണ്.