വ്യത്യസ്തമായ ആഖ്യാന രീതിയും കഥപറച്ചിലും കൊണ്ട് സിനിമാസ്വാദകരെ തിയറ്ററിൽ പിടിച്ചിരുത്തിയ മമ്മൂട്ടിയുടെ ‘റോഷാക്ക്’ ഒടിടിയിലേക്ക്. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ചെയ്യുക. റിലീസ് സംബന്ധിച്ച വിവരങ്ങൾ ഉടൻ പുറത്തുവിടും. നവംബർ 11ന് ചിത്രം ഹോട്സ്റ്റാറിൽ എത്തുമെന്ന് പ്രചാരമുണ്ടെങ്കിലും ഇക്കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്.
ഒക്ടോബർ 7നാണ് നിസാം ബഷീർ സംവിധാനം ചെയ്ത റോഷാക്ക് തിയറ്ററുകളിൽ എത്തിയത്. പ്രഖ്യാപന സമയം മുതൽ പ്രേക്ഷ ശ്രദ്ധനേടിയ ചിത്രം പ്രേക്ഷക- നിരൂപക പ്രശംസകൾ ഒരുപോലെ നേടിയിരുന്നു. ബോക്സ് ഓഫീസിലും തിളങ്ങിയ ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സമീർ അബ്ദുൾ ആണ്. അഡ്വേഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബ്ലീസ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ തിരക്കഥാകൃത്താണ് സമീർ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കെട്ട്യോളാണ് എൻറെ മാലാഖ എന്ന ചിത്രത്തിനു ശേഷം നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രത്തിൽ ഷറഫുദ്ദീൻ, കോട്ടയം നസീർ, ജഗദീഷ്, ഗ്രേസ് ആൻറണി, ആസിഫ് അലി എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. ഒരിടവേളക്ക് ശേഷം ബിന്ദു പണിക്കരുടെ ശക്തമായ വേഷവും ചിത്രത്തിലൂടെ പ്രേക്ഷകർക്ക് ലഭിച്ചു. നിമിഷ് രവി ഛായാഗ്രഹണം നിർവ്വഹിച്ച ചിത്രത്തിൻറെ സംഗീത വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത് മിഥുൻ മുകുന്ദൻ ആണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസാണ് ചിത്രം തീയറ്ററുകളിൽ എത്തിച്ചത്. മറ്റു റിലീസുകൾ എത്തിയിട്ടും തിയറ്ററുകളിൽ മികച്ച പ്രതികരണം നേടാൻ റോഷാക്കിനായി.
അതേസമയം, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻപകൽ നേരത്ത് മയക്കം, ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫർ എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി റിലീസ് കാത്തിരിക്കുന്നത്. ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതൽ എന്ന ചിത്രത്തിൽ ജ്യേതികയും മമ്മൂട്ടിയും പ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്. ജ്യോതികയാണ് നായിക.