വ്യത്യസ്തമായ കഥപറച്ചിലും ആഖ്യാന രീതിയുമായി എത്തി മലയാളികളെ ആസ്വാദനത്തിന്റെ മറ്റൊരു തലത്തിൽ എത്തിച്ച ചിത്രമാണ് ‘റോഷാക്ക്’. നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രത്തിൽ ലൂക്ക് ആന്റണിയായി മമ്മൂട്ടി തകർത്താടിയപ്പോൾ അത് പ്രേക്ഷകന് പുത്തൻ അനുഭവമായി മാറി. മമ്മൂട്ടിക്കൊപ്പം ഓരോ അഭിനേതാക്കളും ചിത്രത്തിൽ മികച്ചു നിന്നു. ഒരിടവേളക്ക് ശേഷം ബിന്ദു പണിക്കരുടെ ശക്തമായ വേഷവും ചിത്രത്തിലേത് തന്നെ. ഇപ്പോഴിതാ പ്രേക്ഷക- നിരൂപക പ്രശംസകൾ ഒരുപോലെ നേടി മൂന്നാം വാരത്തിലേക്ക് എത്തിയിരിക്കുകയാണ് റോഷാക്ക്.
‘പ്രതികാരം അൺലിമിറ്റഡ്’ എന്ന് കുറിച്ചു കൊണ്ടുള്ള പോസ്റ്ററും മമ്മൂട്ടി കമ്പനിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിട്ടുണ്ട്. നിരവധി പേരാണ് ചിത്രത്തിന് ആശംസകളുമായി രംഗത്തെത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി ചിത്രത്തിന്റേതായി പുറത്തുവരുന്ന സ്റ്റിൽസുകളും ലൊക്കേഷൻ വീഡിയോകളും സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധപിടിച്ചു പറ്റുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഷറഫുദ്ദീൻ, കോട്ടയം നസീർ, ജഗദീഷ്, ഗ്രേസ് ആൻറണി, ആസിഫ് അലി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ റോഷാക്ക് ഒക്ടോബർ 7നാണ് ലോകമെമ്പാടുമായി റിലീസ് ചെയ്തത്. ആദ്യ വാരാന്ത്യത്തിൽ കേരളത്തിൽ നിന്നു മാത്രം 9.75 കോടി നേടിയ ചിത്രത്തിന്റെ ഇതേ കാലയളവിൽ ആഗോള ഗ്രോസ് 20 കോടിയാണ്. ‘കെട്ട്യോളാണ് എൻറെ മാലാഖ’, എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സമീർ അബ്ദുൾ ആണ്. നിമിഷ് രവി ഛായാഗ്രഹണം നിർവ്വഹിച്ച ചിത്രത്തിൻറെ സംഗീത വിഭാഗം കൈകാര്യം ചെയ്‍തിരിക്കുന്നത് മിഥുൻ മുകുന്ദൻ ആണ്.