കൊച്ചി : മമ്മൂട്ടിയുടേതായി കാത്തിരിക്കുന്ന ഒരു വമ്പൻ ചിത്രമാണ് ബസൂക്ക. മമ്മൂട്ടിയുടെ വ്യത്യസ്‍തമായ ഒരു മലയാള സിനിമയായിരിക്കും ബസൂക്ക എന്നുമാണ് പ്രതീക്ഷിക്കപ്പെടുകയും ചെയ്യുന്നത്. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്‍റെ റിലീസ് ഡേറ്റ് ഒടുവില്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ചിത്രത്തിന്‍റെ അണിയറക്കാര്‍. ബസൂക്ക സിനിമയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വന്ന പോസ്റ്റ് അനുസരിച്ച് ബസൂക്ക സിനിമ ഫെബ്രുവരി 14നാണ് ഇറങ്ങുന്നത്. ദ ഗെയിം ഓണ്‍ എന്ന പേരിലാണ് പോസ്റ്റര്‍ ഇറങ്ങിയിരിക്കുന്നത്. മാസങ്ങള്‍ക്ക് മുന്‍പേ ഷൂട്ടിംഗ് പൂര്‍ത്തിയായ ബസൂക്ക വളരെ നാളായി റിലീസ് ഡേറ്റ് കാത്തിരിക്കുകയാണ്.
ബസൂക്കയെന്ന പേരില്‍ വരാനിരിക്കുന്ന സിനിമയുടെ സംവിധാനം നിര്‍വഹിക്കുക ഡിനോ ഡെന്നിസ് ആണ്. തിരക്കഥയും ഡിനോ ഡെന്നീസാണ് എഴുതുന്നത്. മമ്മൂട്ടിക്കൊപ്പം ഗൗതം വാസുദേവ് മേനോൻ ആദ്യമായി വേഷമിടുന്നു എന്ന പ്രത്യേകത ബസൂക്കയ്‍ക്കുണ്ട്. ഛായാഗ്രാഹണം നിമേഷ് രവി നിര്‍വഹിക്കുന്ന ചിത്രത്തില്‍ സണ്ണി വെയ്ൻ, ജഗദീഷ്, ഷറഫുദ്ദിൻ സിദ്ധാർത്ഥ് ഭരതൻ, ഡീൻ ഡെന്നിസ്, സ്‍ഫടികം ജോർജ്, ദിവ്യാ പിള്ള, ഷൈൻ ടോം ചാക്കോ എന്നിവരും മമ്മൂട്ടിക്കൊപ്പം പ്രധാന വേഷങ്ങളില്‍ ഉണ്ട്.നേരത്തെ പുറത്ത് വന്ന ചിത്രത്തിന്റെ ടീസർ സമൂഹ മാധ്യമങ്ങളിൽ മികച്ച ശ്രദ്ധ നേടിയിരുന്നു. സ്റ്റൈലിഷ് ലുക്കിൽ മമ്മൂട്ടി പ്രത്യക്ഷപ്പെട്ട ടീസർ ഇതിനോടകം ഏഴര മില്യൺ കാഴ്ചക്കാരെയാണ് യൂട്യൂബിൽ നിന്നും നേടിയത്. ടീസറിലെ മമ്മൂട്ടിയുടെ ഡയലോഗുകളും ആരാധകർ ഏറ്റെടുത്തിരുന്നു.