ആലപ്പുഴ: സൂപ്പർമാർക്കറ്റ് ഫ്രാഞ്ചൈസി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ അറസ്റ്റ്. ആൻവി സൂപ്പർമാർക്കറ്റ് എന്ന സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറായ തിരുവനന്തപുരം നെയ്യാറ്റിൻകര കട്ടച്ചാല്‍ കുഴിയില്‍, വി.എസ് നിവാസില്‍ വിപിൻ വി.എസ് (40) എന്നയാളെയാണ് തട്ടിപ്പ് നടത്തിയെന്ന കേസില്‍ രാമങ്കരി പോലീസ് അറസ്റ്റ് ചെയ്തത്.
ബംഗളൂരുവിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെ ചെങ്ങന്നൂർ റെയില്‍വേ സ്റ്റേഷനില്‍ വച്ച് പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. ഫ്രാഞ്ചൈസി തുടങ്ങാം എന്ന് തെറ്റിദ്ധരിപ്പിച്ച് മുട്ടാർ സ്വദേശിയുടെ കയ്യില്‍ നിന്നും പത്തുലക്ഷം രൂപ കൈപ്പറ്റിയതിനുശേഷം തട്ടിപ്പ് നടത്തിയ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ പേരില്‍ എറണാകുളം സെൻട്രല്‍ പോലീസ് സ്റ്റേഷനിലും സമാനമായ രീതിയില്‍ കേസ് ഉണ്ട്.
കേരളത്തിന്റെ പലഭാഗത്തും ഇയാള്‍ തട്ടിപ്പ് നടത്തിയതായി സംശയിക്കുന്നുണ്ടെന്നും അതേക്കുറിച്ച് കൂടുതല്‍ അന്വേഷിക്കുമെന്നും രാമങ്കരി പോലീസ് ഇൻസ്പെക്ടർ അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാമങ്കരി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി ജയകുമാറിന്റെ നേതൃത്വത്തില്‍ എസ്‌ഐ മാരായ ഷൈലകുമാർ, പ്രേംജിത്, സുനില്‍കുമാർ, എഎസ്‌ഐ ജാസ്മിൻ, സിപിഒ സുഭാഷ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.