കൊച്ചി : പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘കാപ്പ’ എന്ന സിനിമയില്‍ നിന്ന് മഞ്ജു വാര്യര്‍ പിന്‍മാറി. തമിഴ് സൂപ്പര്‍താരം അജിത് കുമാര്‍ നായകനായ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലായതിനെ തുടര്‍ന്നാണ് പിന്‍മാറ്റമെന്ന് മഞ്ജു വാര്യരോട് അടുത്ത കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു.
ഫെഫ്ക റൈറ്റേഴ്‌സ് യൂണിയനും തിയറ്റര്‍ ഓഫ് ഡ്രീംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന കാപ്പ എന്ന സിനിമയില്‍ ആസിഫലി, അന്ന ബെന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. പൃഥ്വിരാജ് ഉള്‍പ്പെടുന്ന രംഗങ്ങളാണ് നിലവില്‍ ചിത്രീകരിക്കുന്നത്. ജി ആര്‍ ഇന്ദുഗോപന്റെ ശംഖുമുഖി എന്ന രചനയാണ് കാപ്പയെന്ന പേരില്‍ സിനിമയാകുന്നത്. ഇന്ദുഗോപന്‍ തന്നെയാണ് തിരക്കഥ. വേണുവിന്റെ സംവിധാനത്തില്‍ ആണ് കാപ്പ ആദ്യം പ്രഖ്യാപിച്ചിരുന്നത്.
ജോമോന്‍ ടി ജോണ്‍ ആണ് ക്യാമറ. കടുവ എന്ന സിനിമക്ക് ശേഷം ഷാജി കൈലാസും പൃഥ്വിരാജും ഒന്നിച്ചെത്തുന്ന സിനിമയുമാണ് കാപ്പ. കൊട്ട മധു എന്ന ഗുണ്ടാ നേതാവിനെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ജിനു വി എബ്രഹാം. ഡോള്‍വിന്‍ കുര്യാക്കോസ്, ദിലീഷ് നായര്‍ എന്നിവരാണ് നിര്‍മ്മാതാക്കള്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വലിമൈ എന്ന സിനിമക്ക് ശേഷം എച്ച് വിനോദിന്റെ സംവിധാനത്തില്‍ അജിത് നായകനാകുന്ന ചിത്രത്തിലാണ് മഞ്ജു വാര്യര്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. എ.കെ 61 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം പൂനെയിലാണ് ചിത്രീകരിക്കുന്നത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി സിനിമ പൂര്‍ത്തിയാകും. ബോണി കപൂര്‍ തുടര്‍ച്ചയായി നിര്‍മ്മിക്കുന്ന മൂന്നാമത്തെ അജിത് ചിത്രവുമാണ് ഇത്. ജിബ്രാനാണ് സംഗീതം. 2022 ദീപാവലി റിലീസായി ചിത്രമെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അസുരന്‍ എന്ന സിനിമക്ക് ശേഷം മഞ്ജു വാര്യര്‍ അഭിനയിക്കുന്ന തമിഴ് ചിത്രവുമാണ് എകെ61.