മുണ്ടക്കയം: 2021ൽ ഉരുൾപൊട്ടൽ നടന്ന മുണ്ടക്കയം കൊക്കയാർ മേഖലയിൽ “ഹിൽ ഇന്റെഗ്രേറ്റഡ് ഡെവലപ്മെന്റ് ഫൗണ്ടേഷൻ (ഹിൽഡെഫ്)” നടത്തിവരുന്ന സന്നദ്ധപ്രവർത്തനങ്ങളുടെ ഭാഗമായി ദുരന്തബാധിത മേഖലയിലെ കുട്ടികൾ പഠിക്കുന്ന മുക്കളം എസ്.ജി.എച്ച്.എസ് സ്കൂളിൽ വെച്ച് 23 ഡിസംബർ 2022ന് ഹിൽഡെഫിന്റെ യുവസാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ ക്രിസ്തുമസ് ആഘോഷങ്ങൾ സംഘടിപ്പിച്ചു. ആഘോഷപരിപാടികൾ പഞ്ചായത്ത് പ്രസിഡന്റ് പ്രിയ മോഹൻ ഉദ്‌ഘാടനം ചെയ്തു. ഹിൽഡെഫ് ജനറൽ സെക്രട്ടറി അജി ബി. റാന്നി അധ്യക്ഷത വഹിച്ച പരിപാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി ഡൊമിനിക്, പി.ജെ വർഗീസ്, തോമസ് മാത്യു, ജോസഫ് ജേക്കബ്, ജോർജ് ആന്റണി, റ്റിൻസ് ആന്റണി, ഐറിൻ ജിജി, ഫാത്തിമ താജ് എന്നിവർ പ്രസംഗിച്ചു. ഷാജൻ തോമസ്,ടീന പ്രിൻസ്, സിതാര എൻ. മൊയ്‌ദീൻ, സി. നികിത, കെ. എസ്. ചിന്തു പ്രസാദ് എന്നിവർ നേതൃത്വം നൽകി.
ദുരന്തത്തിന് ശേഷം അവിടെ വച്ചു നടത്തുന്ന ആദ്യത്തെ ക്രിസ്മസ് ആഘോഷമാണിത്. കരോൾ ഗാനങ്ങളുടെ നൈർമല്യവും ക്രിസ്മസ് കേക്കിന്റെ മാധുര്യവും നിറഞ്ഞുനിന്ന ആഘോഷങ്ങളിൽ ആടിയും പാടിയും കുട്ടികൾ പങ്കെടുത്തു. ഉരുൾപൊട്ടൽ ദുരന്തന്തിന്റെ കയ്‌പേറിയ അനുഭവങ്ങളെ മറക്കാനും പുതുവത്സരം വന്നെത്തുന്നതോടെ പുതിയൊരു യുഗം രചിക്കാനും കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹിൽഡെഫ് ആഘോഷപരിപാടികൾ സംഘടിപ്പിച്ചത്.
മണ്ണിടിച്ചിൽ നടന്ന സ്ഥലത്ത് താമസിച്ചുകൊണ്ട്, ഉറ്റവരെ നഷ്ടപ്പെട്ടവർ, വീടും സ്ഥലവും ഉപജീവന മാർഗവും നഷ്ടപ്പെട്ടവർ തുടങ്ങി ദുരന്തത്തിന്റെ ബാക്കിപത്രമായി ജീവിക്കുന്നവരെ നേരിൽ കണ്ട് അവർ അനുഭവിക്കുന്ന പ്രശ്നങ്ങൾ മനസ്സിലാക്കി പഠനം നടത്തി സമഗ്രമായ റിപ്പോർട്ട് തയാറാക്കി സർക്കാരിന്റെ ശ്രദ്ധയിലെത്തിക്കുവാനുള്ള പ്രവർത്തനങ്ങൾ നടത്തികൊണ്ടിരിക്കുകയാണ് ഹിൽഡെഫ് പ്രവർത്തകർ.