കോട്ടയം : ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ
പെരുന്നാൾ സമുചിതമായി ആചരിച്ചു. മെയ് 5 ഞായറാഴ്ച രാവിലെ 8.30 -ന് മുംബെ ഭദ്രാസനത്തിന്റെ അഭിവന്ദ്യ തോമസ് മോർ അലക്സന്ത്രയോസ് മെത്രാപ്പോലീത്താ തിരുമനസ്സിന്റെ പ്രധാന കാർമ്മികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന അർപ്പിച്ചു. ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് കോട്ടയം ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ ഡോ. തോമസ് മോർ തീമോത്തിയോസ് തിരുമനസ് സന്ധ്യാ പ്രാർത്ഥനക്ക് നേതൃത്വം നൽകുകയും, തുടർന്ന് നട വിളക്ക് കത്തിക്കുകയും ചെയ്തു. വൈകിട്ട് 6 മണിക്ക് കൈപ്പട്ടൂർ കലാവേദി പത്തനംതിട്ട , ധ്രുവാ ബാൻഡ് കോട്ടയം എന്നിവർ ചേർന്ന് ചെണ്ട – വയലിൻ ഫ്യൂഷൻ നടത്തപ്പെട്ടു. രാത്രി 9 മണിക്ക് കരോട്ടെ പള്ളിയിലേക്കുള്ള പ്രദക്ഷിണം, ആശിർവാദം, മാർഗ്ഗം കളി, പരിചമുട്ടുകളി എന്നിവയും ഉണ്ടായിരുന്നു.
പെരുന്നാൾ ദിവസമായ ഇന്ന് രാവിലെ 7.30-ന് പ്രഭാത നമസ്ക്കാരവും, 8.30 -ന് തുമ്പമൺ ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ യൂഹാനോൻ മോർ മിലിത്തിയോസ് തിരുമനസ്സിന്റെ പ്രധാന കാർമ്മികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന അർപ്പിക്കുകയും 11.30-ന് വെച്ചൂട്ടും നടന്നു. തുടർന്ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് കരോട്ടെ പള്ളിയിലേക്ക് പ്രദക്ഷിണം, ആശിർവാദം, നേർച്ച വിളമ്പ് എന്നിവയോട് കൂടി പെരുന്നാൾ പരിപാടികൾ സമാപിക്കും. ഇടവകയിലെ എല്ലാ ഭവനങ്ങളിൽ നിന്നും പള്ളിയിൽ നേർച്ചയായി “അപ്പം” സമർപ്പിച്ചിരുന്നു. പെരുന്നാളിനോട് അനുബന്ധിച്ച് മെയ് 1 മുതൽ നടത്തി വരുന്ന മണർകാട് കാർണിവലിലെ ഭക്ഷ്യ മേള ഇന്നലെ വൈകിട്ട് സമാപിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഭക്ഷ്യ മേളയിൽ വലിയ ജന തിരക്ക് ആരംഭം മുതൽ അനുഭവപ്പെട്ടു. ക്രമീകരണങ്ങൾക്ക് വികാരി വെരി.റവ. ഇ.ടി. കുറിയാക്കോസ് കോർ എപ്പിസ്കോപ്പാ ഇട്ടിയാടത്ത്, പ്രോഗ്രാം കോർഡിനേറ്റർ വെരി.റവ. കുറിയാക്കോസ് കോർ എപ്പിസ്കോപ്പാ കിഴക്കേടത്ത്, കത്തീഡ്രൽ ട്രസ്റ്റിമാരായ പി.എ.ഏബ്രഹാം പഴയിടത്തുവയലിൽ, വർഗീസ് ഐപ്പ് മുതലുപടിയിൽ, ഡോ. ജിതിൻ കുര്യൻ ആൻഡ്രൂസ് ചിരവത്തറ, കത്തീഡ്രൽ സെക്രട്ടറി വി.ജെ.ജേക്കബ് വാഴത്തറ എന്നിവർ നേതൃത്വം നൽകി. പെരുന്നാളിനോട് അനുബന്ധിച്ച് മെയ് 1 – ന് ആരംഭിച്ച അമ്യൂസ്മെന്റ് പരിപാടികൾ മെയ് 12 വരെ നീണ്ടു നിൽക്കുന്നതാണ്.