മണർകാട് : മരിയന്‍ ഭക്തിയുടെ പ്രഘോഷണമായി മണര്‍കാട് പള്ളിയിലെ റാസ. മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ച് കുരിശുപള്ളികളിലേക്കുള്ള റാസ ഭക്തിസാന്ദ്രമായി. ശനിയാഴ്ചയാണ് ചരിത്രപ്രസിദ്ധമായ നടതുറക്കല്‍. ഏഷ്യയിലെ ഏറ്റവും വലിയ ആധ്യാത്മിക ഘോഷയാത്രയായ മണര്‍കാട് കത്തീഡ്രലിലെ റാസ ഭക്തിയുടെയും വിശ്വാസത്തിന്റെയും പ്രഘോഷണമായി.
പതിനായിരക്കണക്കിന് മുത്തുക്കുടകളും നൂറുകണക്കിന് പൊന്‍-വെള്ളിക്കുരിശുകളും കൊടികളും വെട്ടുക്കുടകളുമായി വിശ്വാസസഹസ്രങ്ങള്‍ റാസയില്‍ ഭക്തിപൂര്‍വം അണിചേര്‍ന്നു. ഉച്ചനമസ്‌കാരത്തെ തുടര്‍ന്ന് 12 മണിയോടെ മുത്തുക്കുടകളുടെ വിതരണം ആരംഭിച്ചു. അംശവസ്ത്രധാരികളായ വൈദികര്‍ പ്രാര്‍ഥനകള്‍ക്ക് ശേഷം പള്ളിയില്‍നിന്ന് ഇറങ്ങി കല്‍ക്കുരിശിലെ ധൂപപ്രാര്‍ഥനയ്ക്ക് ശേഷം റാസയില്‍ അണിചേര്‍ന്നു. കണിയാംകുന്ന്, മണര്‍കാട് കവല എന്നിവിടങ്ങളിലെ കുരിശിന്‍ തൊട്ടികളും കരോട്ടെ പള്ളിയും ചുറ്റി മൂന്നര കിലോമീറ്ററിലേറെ സഞ്ചരിച്ചാണ് റാസ തിരികെ വലിയപള്ളിയിലെത്തിച്ചേര്‍ന്നത്. കുരിശുപള്ളികളിലും കരോട്ടെ പള്ളിയിലും പ്രത്യേക ധൂപപ്രാര്‍ഥനയും നടന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മണര്‍കാട് പള്ളി പെരുന്നാളിനോട് അനുബന്ധിച്ചുള്ള ചരിത്രപ്രസിദ്ധമായ നടതുറക്കല്‍ ശനിയാഴ്ച നടക്കും. രാവിലെ 11.30ന് ഉച്ചനമസ്‌കാരത്തെത്തുടര്‍ന്ന് ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ സാന്നിധ്യത്തില്‍ നടതുറക്കല്‍ ശുശ്രൂഷ. കത്തീഡ്രലിന്റെ പ്രധാന മദ്ബഹായിലെ ത്രോണോസില്‍ സ്ഥാപിച്ചിരിക്കുന്ന വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം പൊതുദര്‍ശനത്തിനായി വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം തുറക്കുന്ന ചടങ്ങാണ് നടതുറക്കല്‍ ശുശ്രൂഷ. തുടര്‍ന്ന് കറിനേര്‍ച്ചയ്ക്കുള്ള പന്തിരുനാഴി ഘോഷയാത്ര നടക്കും. വൈകിട്ട് 7.30ന് കരോട്ടെ പള്ളി ചുറ്റിയുള്ള പ്രദക്ഷിണം. 8.45ന് ആകാശവിസ്മയം. 10ന് പരിചമുട്ടുകളി, മാര്‍ഗം കളി. രാത്രി 12ന് ശേഷം കറിനേര്‍ച്ച വിതരണം എന്നിവയും നടക്കും.
പ്രധാന പെരുന്നാള്‍ ദിനമായ സെപ്റ്റംബര്‍ എട്ടിന് മൂന്നിന്മേല്‍ കുര്‍ബാനയ്ക്ക് മലങ്കര മെത്രാപ്പോലീത്തയും കൊച്ചിഭദ്രാസനാധിപനുമായ ജോസഫ് മോര്‍ ഗ്രീഗോറിയോസ് മുഖ്യകാര്‍മ്മികത്വം വഹിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് കരോട്ടെ പള്ളി ചുറ്റിയുള്ള പ്രദക്ഷിണം, ആശീര്‍വ്വാദം. വൈകുന്നേരം മൂന്നിന് നടക്കുന്ന നേര്‍ച്ചവിളമ്പോടെ പെരുന്നാള്‍ സമാപിക്കും.