തിരുവനന്തപുരം: നവീകരിച്ച മാനവീയം വീഥിയില്‍ ഇടവേളക്ക് ശേഷം വീണ്ടും സംഘർഷം. ഇന്നലെ രാത്രി ചെമ്ബഴന്തി ധനു കൃഷ്ണക്ക് വെട്ടേറ്റു. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ധനുകൃഷ്ണ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ധനു കൃഷ്ണയെ വെട്ടിയ ഷെമീറും ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയും മ്യൂസിയം പൊലീസിന്റെ കസ്റ്റഡിയിലാണ്. ഇന്ന് പുലർച്ചെ 1.30 യോടെയാണ് സംഭവം നടന്നത്. റീല്‍സ് എടുക്കുന്നതിനിടെയാണ് തർക്കമുണ്ടായതെന്നാണ് പൊലീസ് പറയുന്നത്. എല്ലാവരും മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ് ആരോപിക്കുന്നു.
അതേസമയം നിരന്തര സംഘര്‍ഷത്തെ തുടര്‍ന്ന് മാനവീയം വീഥിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും പൊലീസ് നടപടികള്‍ പലതും പ്രഖ്യാപനത്തിലൊതുങ്ങിയതിന്റെ തെളിവാണ് ഇന്ന് പുലര്‍ച്ചെയുണ്ടായ ഈ സംഘര്‍ഷം. പൊലീസ് നിയന്ത്രണങ്ങള്‍ അയഞ്ഞതോടെ ലഹരി സംഘങ്ങള്‍ വീണ്ടും മാനവീയം വീഥിയില്‍ താവളമാക്കി. തെരഞ്ഞെടുപ്പ് ചുമതലയുള്ളതിനാല്‍ കൂടുതല്‍ പൊലീസുകാരെ ഈ സ്ഥലത്ത് വിന്യസിക്കാൻ സാധിക്കുന്നില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇവിടെ ബാരിക്കേഡുകളും സ്ഥാപിക്കുന്നില്ല. സിസിടിവി ഇല്ലാത്ത ഭാഗം നോക്കിയാണ് സംഘങ്ങള്‍ ഒത്തുചേരുന്നത്. 12 മണിക്ക് ശേഷം ഇവിടെ നിന്ന് പിരിഞ്ഞുപോകണമെന്ന് നിര്‍ദ്ദേശമുണ്ടെങ്കിലും അതിന് തയ്യാറാകാതെ ഇവിടെ തുടര്‍ന്ന യുവാക്കളാണ് ഇന്നലത്തെ കുറ്റകൃത്യത്തിന്റെ കാരണക്കാര്‍.