മലപ്പുറം : ട്രെയിനില്‍ നിന്ന് 26 കിലോഗ്രാം കഞ്ചാവ് പിടികൂടി. മംഗലാപുരം സെൻട്രല്‍ എക്സ്പ്രസിന്റെ ജനറല്‍ കമ്പാർട്ട്മെന്റില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. ട്രെയിൻ തിരൂർ റെയില്‍വെ സ്റ്റേഷനില്‍ എത്തിയപ്പോള്‍ തിരൂരിലെ എക്സൈസ് സർക്കിള്‍ ഓഫീസ് സംഘവും റെയില്‍വെ സംരക്ഷണ സേനയും ചേർന്നാണ് പരിശോധന നടത്തിയത്. ട്രെയിനിലെ ജനറല്‍ കമ്ബാർട്ട്മെന്റില്‍ ഒരു ട്രോളി ബാഗിലും ഒരു ട്രാവല്‍ ബാഗിലുമായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ആകെ 24 കിലോഗ്രാം കഞ്ചാവാണ് ബാഗുകളില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഈ ബാഗുകള്‍ ആരാണ് ട്രെയിനില്‍ കൊണ്ടു വന്നതെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇതിനായി അന്വേഷണം പുരോഗമിക്കുകയാണെന്ന് എക്സൈസ് അറിയിച്ചു.
നേരത്തെയും തിരൂർ റെയില്‍വെ സ്റ്റേഷനിലെ പ്ലാറ്റ്ഫോമില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കഞ്ചാവ് കടത്തുന്നവർ പൊലീസിന്റെയോ എക്സൈസിന്റെയോ പിടിയിലാവുമെന്ന് വരുമ്പോള്‍ ഇവ ഉപേക്ഷിച്ച് രക്ഷപ്പെടുകയാണ് ചെയ്യുന്നത്. കഴിഞ്ഞ മാസമാണ് പാലക്കാട് റെയില്‍വെ സ്റ്റേഷനിലെത്തിയ ട്രെയിനില്‍ നിന്ന് വൻ കഞ്ചാവ് ശേഖരം പിടികൂടിയത്. രണ്ട് ബാഗുകളിലായി സൂക്ഷിച്ചിരുന്ന 16.85 കിലോഗ്രാം കഞ്ചാവ് ആണ് റെയില്‍വെ സംരക്ഷണ സേനയുടെയും എക്സൈസിന്റെയും സംയുക്ത പരിശോധനാ സംഘം പിടിച്ചെടുത്തത്. ചെന്നൈ -മംഗളൂരു എക്സ്പ്രസ് ട്രെയിനിന്റെ മുൻവശത്തുള്ള ബി-2 കോച്ചിലെ ശുചിമുറിയ്ക്ക് സമീപമാണ് അന്ന് ആളില്ലാത്ത രണ്ട് ബാഗുകള്‍ കണ്ടെത്തിയത്.