ബംഗളൂരു: മംഗളുരുവിൽ ഓട്ടോറിക്ഷയിൽ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട് പിടിയിലായ ശിവമോഗ സ്വദേശി ഷാരിഖിന് കൊടും ഭീകരരായ ഐസിസുമായി ബന്ധമുണ്ടെന്ന് പൊലീസ്. തീവ്രവാദികളുമായി ഇയാളുടെ ബന്ധത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് കർണാടക എഡിജിപി അലോക് കുമാർ വ്യക്തമാക്കി. ഷാരിഖ് വ്യാജ സിംകാർഡ് സംഘടിപ്പിച്ചത് കോയമ്ബത്തൂരിൽ നിന്നാണെന്നും അന്വേഷണ സംഘത്തിന് വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
അതിനിടെ, പ്രതി കേരളത്തിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചതായും ഏറണാകുളത്തുനിന്ന് സഹായം ലഭിച്ചുവെന്നും സ്‌ഫോടനം നടത്താനുള്ള ചില സാമഗ്രികൾ എത്തിയത് ആലുവയിൽ നിന്നാണെന്നും റിപ്പോർട്ടുണ്ട്. സ്‌ഫോടനത്തിന് തൊട്ടുമുമ്ബ് ഇയാൾ ആലുവയിൽ എത്തിയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ഷാരിഖിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ആലുവയിലെ ചില സ്ഥലങ്ങളിൽ പരിശോധനയും നടത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മംഗളുരു നഗരത്തിൽ വൻ സ്‌ഫോടനം നടത്താനാണ് ഷാരിഖും കൂട്ടാളികളും പദ്ധതിയിട്ടിരുന്നത്. ഇതിനുള്ള സ്ഥലവും അവർ തീരുമാനിച്ചിരുന്നു. മംഗലാപുരം റെയിൽവേസ്റ്റേഷനിൽ നിന്ന് നാഗൂരിലെ ബസ് സ്റ്റാന്റിലേക്ക് പോകാനായി മംഗളുരു സ്വദേശിയായ പുരുഷോത്തമൻ ഓടിച്ചിരുന്ന ഓട്ടോറിക്ഷയിലാണ് ഷാരിഖ് കയറിയത്. യാത്രയ്ക്കിടെ ഘർഷണം മൂലം ചൂടുണ്ടായപ്പോഴാണ് സ്‌ഫോടനം നടന്നതെന്നാണ് സംശയം. പ്രതിയുടെ ബാഗിൽ നിന്ന് എന്തോ പൊട്ടിത്തെറിച്ചതായാണ് ഓട്ടോറിക്ഷ ഡ്രൈവർ പറയുന്നത്. ഡ്രൈവറും 50 ശതമാനം പൊള്ളലേറ്റ ഷാരിഖും ആശുപത്രിയിൽ ചികിത്സയിലാണ്.
സ്‌ഫോടനത്തിൽ അറാഫത്ത് അലി, മുസാഫിർ ഹുസൈൻ എന്നിവർക്കും പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇവർക്കുവേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഓൺലൈൻ വഴിയാണ് സ്‌ഫോടനം നടത്താനുള്ള ചില വസ്തുക്കൾ വാങ്ങിച്ചത്. വാടക വീട്ടിൽ വച്ചാണ് ഇവ കൂട്ടിയോജിപ്പിച്ച് ബോംബാക്കിയത്. ഇതിനുള്ള പരിശീലനം ഇവർക്ക് എവിടെനിന്ന് കിട്ടിയെന്ന് വ്യക്തമല്ല. യു എ പി എ കേസിലെ പ്രതികൂടിയായ ഷാരിഖ് താമസിച്ചിരുന്ന വാടക വീട്ടിൽ കുക്കർ ബോംബുകളും മറ്റ് സ്‌ഫോടക വസ്തുക്കളും മംഗളുരു പൊലീസ് കണ്ടെത്തിയിരുന്നു. ഇയാൾക്ക് തമിഴ് നാടുമായും ബന്ധമുണ്ട്.
എൽ.പി.ജി സിലിണ്ടർ ഉപയോഗിച്ച് കോയമ്ബത്തൂരിൽ മനുഷ്യ ബോംബ് ആക്രമണം നടത്തിയ സംഭവവുമായി മംഗളുരു ഓട്ടോറിക്ഷ സ്ഫോടനത്തിന് സാമ്യമുണ്ടെന്നാണ് കേന്ദ്ര ഏജൻസികളുടെയും വിലയിരുത്തൽ. ഐ.ഇ.ഡി സ്‌ഫോടനങ്ങൾക്കായി പല തീവ്രവാദ സംഘടനകളും ഉപയോഗിച്ചിരുന്ന പ്രഷർ കുക്കറും ബാറ്ററി ഓപ്പറേറ്റഡ് സർക്യൂട്ടിന്റെ അവശിഷ്ടങ്ങളും ഐ.ഇ.ഡി നിർമ്മിക്കാൻ ഉപയോഗിക്കുന്ന നട്ടുകളും ബോൾട്ടുകളും നാല് ഡ്യൂറാസെൽ ബാറ്ററികളും ഓട്ടോറിക്ഷയിൽ നിന്ന് കണ്ടെത്തി. ഐ.ഇ.ഡികളിൽ സാധാരണ ഉപയോഗിക്കുന്ന അമോണിയം നൈട്രറ്റിന് പകരം തീപ്പെട്ടികളിലും വെടിമരുന്നിലും ഉപയോഗിക്കുന്ന തീവ്രത കുറഞ്ഞ ഫോസ്ഫറസ് പോലുള്ള സ്‌ഫോടക വസ്തുക്കളാണ് ഉപയോഗിച്ചിരിക്കുന്നത്. ഡിറ്റണേറ്ററും ബാറ്ററികളും വയറുകളും ഘടിപ്പിച്ച നിലയിലായിരുന്നു പ്രഷർ കുക്കർ.
ഷാരിഖിന്റെ കൈവശമുണ്ടായിരുന്ന ആധാർ കാർഡ് വ്യാജമാണെന്ന് കണ്ടെത്തി. ഹുബ്ബള്ളിയിൽ മേൽവിലാസമുള്ള പ്രേംരാജ് ഹുതാഗിയുടെ പേരിൽ ഉള്ളതാണത്. തുംകൂറിൽ ഇന്ത്യൻ റെയിൽവേയിൽ ജോലി ചെയ്യുന്നയാളാണ് പ്രേംരാജ് ഹുതാഗി. ഇയാൾ നാട്ടിൽ സുരക്ഷിതനാണ്. ആറ് മാസം മുമ്ബ് പ്രേംരാജിന്റെ ആധാർ കാർഡ് നഷ്ടപ്പെട്ടിരുന്നു. മൈസുരുവിൽ മെറ്റഗള്ളി ലോക നായക് നഗറിലാണ് പ്രതി ഒരു മാസത്തിലേറെയായി താമസിച്ചിരുന്നത്.