തിരുവനന്തപുരം: കുടുംബത്തോടൊപ്പം മണിക്കുട്ടൻ ഓർമ്മയായതോടെ ചാത്തൻപാറയ്ക്ക് അവരുടെ രുചിപ്പെരുമ കൂടിയാണ് നഷ്ടമാകുന്നത്. മണിക്കുട്ടന്റെ തട്ടുകടയിൽ നിന്ന് ആഹാരം വാങ്ങി കഴിക്കാത്ത കല്ലമ്പലത്തുകാർ ആരുമില്ല. പ്രദേശവാസികൾക്ക് പുറമെ ദേശീയപാതയിലൂടെ കടന്നുപോകുന്നവർക്കും മണിക്കുട്ടന്റെ തട്ടുകട സുപരിചിതമാണ്. 20 വർഷത്തിലേറെയായി മണിക്കുട്ടന്റെ തട്ടുകടയിലെ ആഹാരം കഴിച്ചിരുന്നുവെന്ന് ചാത്തൻപാറ സ്വദേശിയായ ലളിത പറഞ്ഞു. തലേദിവസത്തെ ആഹാരം തരുന്ന ശീലം അവനില്ല, ആഹാരത്തിന്റെ രുചിയാണ് എല്ലാവരെയും അവന്റെ കടയിൽ നിന്നു കഴിക്കാൻ പ്രേരിപ്പിച്ചതെന്നും ലളിത പറയുന്നു.
രാത്രി ജോലി കഴിഞ്ഞ് വരുന്ന കല്ലമ്ബലത്തുകാരും സമീപ്രദേശത്തുള്ളവരും ചാത്തൻപാറയിലിറങ്ങി മണിക്കുട്ടന്റെ കടയിൽ നിന്ന് പാഴ്സൽ വാങ്ങി വീട്ടിലേക്ക് മടങ്ങുന്ന കാഴ്ച പതിവാണ്. ഉച്ചയ്ക്ക് മൂന്നോടെയാണ് മണിക്കുട്ടനും ജോലിക്കാരും കടയിലെത്തുന്നത്. ചായയും പലഹാരങ്ങളുമായി തുടങ്ങുന്ന കച്ചവടത്തിന് സന്ധ്യ കഴിയുന്നതോടെ തിരക്കേറും. ചെറുപ്പക്കാർക്ക് പുറമെ കുടുംബങ്ങളും ഇവിടെ ഭക്ഷണം കഴിക്കാനെത്തും. രാത്രി എട്ട് കഴിഞ്ഞാൽ വാഹനം റോഡ് സൈഡിലൊതുക്കി നിരവധി യാത്രക്കാർ ഇവിടെ ആഹാരം കഴിക്കാനെത്തുന്നത് പതിവായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പുട്ട്, ഇടിയപ്പം, പൊറോട്ട, കപ്പ, ചിക്കൻഫ്രൈ, ചിക്കൻ കറി, ഓംലെറ്റ്, ബീഫ്, മീൻ വറുത്തത് അടക്കമുള്ളവയാണ് മണിക്കുട്ടന്റെ തട്ടുകടയിലെ പ്രധാന ആകർഷണം. അർദ്ധരാത്രി കഴിഞ്ഞും കടയിൽ തിരക്കുണ്ടായിരിക്കും.
മൃതദേഹങ്ങൾ ആദ്യമായി കണ്ട സഹായി ഷംനാദും ഭാര്യയുടെ സഹോദരി ഗിരിജയുമടക്കം എട്ട് ജീവനക്കാരാണ് കടയിലുണ്ടായിരുന്നത്. ഇതിൽ തമിഴ്നാട്ടുകാരും അസാം സ്വദേശികളും ഉൾപ്പെടെയുണ്ട്. ഉത്തർപ്രദേശിലുള്ള ജീവനക്കാരൻ കല്യാണ അവധിക്കായി അടുത്തിടെയാണ് നാട്ടിലേക്ക് മടങ്ങിയത്. കടയിലെ ജീവനക്കാരിൽ പലരും നിറകണ്ണുകളോടെയാണ് ഇന്നലെ മണിക്കുട്ടന്റെ വീടിന് മുന്നിൽ നിന്നത്. കഴിഞ്ഞ ദിവസവും സന്തോഷത്തോടെ സംസാരിച്ച മണിക്കുട്ടന് എന്തുപറ്റിയെന്ന് അവർക്ക് ഇതുവരെയും മനസിലായിട്ടില്ല.
അടുത്തിടെ രണ്ട് തവണയാണ് മണിക്കുട്ടന്റെ തട്ടുകടയിൽ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ റെയ്ഡ് നടന്നത്. ലൈസൻസ് ഇല്ലാത്തതിനാൽ ചൊവ്വാഴ്ച 5000 രൂപ പിഴയിടാക്കി കട അടപ്പിച്ചു. പിഴ തുക അടച്ച് കട തുറക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു മണിക്കുട്ടൻ. ജീവനക്കാരോടെല്ലാം നാളെ മുതൽ കടയിലെത്തണമെന്ന് വെള്ളിയാഴ്ച വൈകിട്ട് അറിയിച്ചിരുന്നു. കടയിലേക്കായി രണ്ട് ചാക്ക് സവാളയും ഒരു ഏത്തക്കൊലയും വീട്ടിൽ വാങ്ങിവച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പ് പിഴയടച്ചതിന്റെ പേരിലല്ല മണിക്കുട്ടന്റെ ആത്മഹത്യയെന്നാണ് പ്രദേശവാസികളിൽ ഭൂരിഭാഗം പേരും പറയുന്നത്.