സിനിമകളിലൂടെയും ടെലിവിഷൻ പരമ്പരകളിലൂടെയും ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് മഞ്ജു പത്രോസ്. ‘വെറുതെ അല്ല ഭാര്യ’ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജു ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയാവുന്നത്. പിന്നീട് ബിഗ് ബോസ് മൽസരാർത്ഥി എന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടു. നിലപാടുകൾ തുറന്നു പറയുന്നതിൽ മടികാണിക്കാത്ത താരം ആറ്റുകാൽ പൊങ്കാലയിൽ പങ്കെടുത്തതിന്റെ അനുഭവങ്ങൾ പങ്കുവെയ്ക്കുകയാണ് ഇപ്പോൾ.
”ഞാൻ ക്രിസ്റ്റ്യാനിറ്റിയിൽ വളർന്ന ഒരാളാണ്. പക്ഷേ എന്നെ കണ്ടാൽ ആരും ക്രിസ്ത്യാനി ആണെന്ന് പറയില്ല. എനിക്ക് ഹൈന്ദവപുരാണങ്ങളും മിത്തുകളുമൊക്കെ കേൾക്കാൻ വലിയ ഇഷ്ടമാണ്. അമ്പലത്തിലൊക്കെ പോകുമായിരുന്നു. കഴിഞ്ഞവർഷം ഞാൻ ഒറ്റയ്ക്ക് ആണ് പൊങ്കാലയിടാൻ പോയത്. സുഹൃത്തുക്കളാരും ഉണ്ടായിരുന്നില്ല. എന്തുകൊണ്ട് ഇതുവരെയും ഞാൻ പൊങ്കാല ഇട്ടില്ല എന്ന തോന്നൽ ഉള്ളിൽ തോന്നി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അങ്ങനെയാണ് ആദ്യമായി പൊങ്കാലയിടാൻ പോയത്. അന്ന് ഇത് എങ്ങനെയാണ് എന്നൊന്നും അറിയില്ലായിരുന്നു. എന്താണ് മേടിക്കേണ്ടത് എന്നും അറിയില്ലായിരുന്നു. ഫ്ളാറ്റിലെ ചേട്ടനാണ് സാധനങ്ങൾ മേടിച്ചു തന്നത്. അടുത്തുണ്ടായിരുന്ന ചേച്ചിമാർ പറഞ്ഞു തന്നതു കേട്ട് ഞാൻ ഇട്ടു. അന്ന് എനിക്ക് കിട്ടിയ സംതൃപ്‍തിയും സന്തോഷവും സുഖവും ജീവിതത്തിൽ മറ്റൊരിക്കലും കിട്ടിയിട്ടില്ല. ആറ്റുകാൽ അമ്മ എന്റെ അടുത്ത് വന്നു ഇരുന്ന ഫീൽ ആയിരുന്നു. പൊട്ടിക്കരഞ്ഞാണ് ഞാൻ ചോറുണ്ടാക്കിയത്. ഇനി ഒരിക്കലും പൊങ്കാല മുടക്കില്ല എന്ന് അന്ന് ഞാൻ തീരുമാനിച്ചു”, എന്ന് മഞ്ജു പത്രോസ് പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു മഞ്ജു പത്രോസിന്റെ പ്രതികരണം.
കഴിഞ്ഞ തവണ ഉണ്ടായ അനുഭവമല്ല ഇത്തവണ ഉണ്ടായതെന്നും മഞ്ജു പറഞ്ഞു. ”ഇത്തവണ നല്ല ഡിസ്റ്റർബ്ഡ് ആയിരുന്നു. യൂട്യൂബർസ് ഒക്കെ ഒരുപാട് വന്നു. എനിക്ക് അതിൽ ശ്രദ്ധിക്കാനോ ആസ്വദിക്കാനോ സാധിച്ചില്ല. മര്യാദക്ക് പ്രാർത്ഥിക്കാൻ പോലും ആയില്ല. അത് സമാധാനമായും സ്വസ്ഥമായും പ്രാർത്ഥിക്കാനുള്ള സ്ഥലമാണ്. അവിടെ ചോദ്യം ചോദിച്ചുകൊണ്ട് വരരുത് എന്നാണ് എനിക്ക് പറയാനുള്ളത്”, എന്നും മഞ്ജു കൂട്ടിച്ചേർത്തു.