മലയാളി പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് പൃഥ്വിരാജ് സംവിധാനം ചെയ്തു മോഹൻലാൽ നായകനായി എത്തുന്ന എമ്പുരാൻ. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന സിനിമ 2019 ൽ പുറത്തിറങ്ങിയ ലൂസിഫർ എന്ന സിനിമയുടെ തുടർച്ചയായിട്ടാണ് ഒരുങ്ങുന്നത്. മാർച്ച് 27 നാണ് ചിത്രം പുറത്തിറങ്ങുന്നത്. സിനിമയിലെ ഓരോ അപ്‌ഡേറ്റിനും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിനെക്കുറിച്ചുള്ള മഞ്ജു വാര്യരുടെ ഒരു പോസ്റ്റ് ആണ് വൈറലാകുന്നത്.
എമ്പുരാന് ഡബ്ബ് ചെയ്തുകൊണ്ടിരിക്കെ ഡബ്ബിങ് സ്റ്റുഡിയോയിൽ നിന്നുള്ള ചിത്രമാണ് മഞ്ജു വാര്യർ തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ‘പ്രിയദർശിനി ആരോടാണ് സംസാരിക്കുന്നതെന്ന് ഊഹിക്കാമോ?’ എന്ന അടിക്കുറിപ്പോടെയാണ് നടി ചിത്രം പങ്കുവെച്ചത്. മഞ്ജുവിന്റെ സെൽഫിക്ക് പിന്നിൽ എമ്പുരാനിലെ കഥാപാത്രമായ പ്രിയദർശിനി രാംദാസ് ആരോടോ സംസാരിക്കുന്ന സീനിന്റെ ചിത്രവും കാണാനാകും. അത് സ്റ്റീഫൻ നെടുമ്പള്ളി ആണോ അതോ ജതിൻ രാംദാസ് ആണോ എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം. ‘എമ്പുരാൻ’ ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. സ്റ്റീഫൻ നെടുമ്പള്ളിയെന്ന അബ്രാം ഖുറെഷിയുടെ പഴയ ജീവിതവും പുതിയ കാലഘട്ടവും ചിത്രത്തിൽ കാണിച്ചു തരുമെന്നും വാർത്തകളുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് അഖിലേഷ് മോഹൻ ആണ്.