മലയാള സിനിമയ്ക്ക് സുവർണ കാലഘട്ടം സമ്മാനിച്ച വർഷമാണ് 2024 എന്ന കാര്യത്തില്‍ തർക്കമില്ല. പുതുവർഷം പിറന്ന് വെറും നാല് മാസത്തില്‍ സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ് മോളിവുഡിന് ലഭിച്ചത്. ജയറാമിന്റെ ഓസ്ലർ തുടങ്ങിവച്ച വിജയഗാഥയില്‍ മലയാളത്തിലെ ആദ്യ 200 കോടി ചിത്രവും പിറന്നിരുന്നു. യഥാർത്ഥ അതിജീവനത്തിന്റെ കഥ പറഞ്ഞ മഞ്ഞുമ്മല്‍ ബോയ്സ് ആയിരുന്നു ആ ചിത്രം. 2024 ഫെബ്രുവരിയില്‍ ആയിരുന്നു മഞ്ഞുമ്മല്‍ ബോയ്സ് റിലീസ് ചെയ്തത്. ആദ്യ ഷോ മുതല്‍ മികച്ച പ്രതികരണവും മൗത്ത് പബ്ലിസിറ്റിയും നേടിയ ചിത്രം ഇതര ഭാഷകളിലും ഡബ്ബ് ചെയ്ത് റിലീസ് ചെയ്തിരുന്നു. വൻവരവേല്‍പ്പ് ആയിരുന്നു ഇവിടങ്ങളില്‍ ചിത്രത്തിന് ലഭിച്ചത്. പ്രത്യേകിച്ച് തമിഴ്നാട്ടില്‍ നിന്നും.
തിയറ്റർ റണ്‍ അവസാനിപ്പിച്ച് ഒടിടിയില്‍ എത്തിയ മഞ്ഞുമ്മല്‍ ബോയ്സിന്റെ ടെലിവിഷൻ പ്രീമിയർ പ്രഖ്യാപിച്ചിരിക്കുകയാണ്. ഏഷ്യാനെറ്റിലാണ് മഞ്ഞുമ്മല്‍ ബോയ്സിന്റെ ടെലിവിഷൻ പ്രീമിയർ. ഇതോട് അനുബന്ധിച്ച് ടീസറും അണിയറക്കാർ പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ എന്നാണ് പ്രീമിയർ എന്ന കാര്യം അറിയിച്ചിട്ടില്ല. ഓണം റിലീസ് ആയിട്ടാകും ചിത്രം ടെലിവിഷനില്‍ എത്തുക എന്നും റിപ്പോർട്ടുണ്ട്. അതേസമയം, അടുത്തിടെ റിലീസ് ചെയ്ത ചിത്രത്തിന്റെ വിഎഫ്എക്സ് വീഡിയോയ്ക്ക് വൻ സ്വീകാര്യത ലഭിച്ചിരുന്നു. മെയ് അഞ്ചിന് ആയിരുന്നു മഞ്ഞുമ്മല്‍ ബോയ്സിന്റെ ഒടിടി റിലീസ്. തിയറ്ററില്‍ എഴുപത്തി മൂന്ന് ദിവസങ്ങള്‍ പൂർത്തിയാക്കിയതിന് പിന്നാലെ ആയിരുന്നു ഇത്. ചിദംബരം സംവിധാനം ചെയ്ത ചിത്രത്തിന്റെ ആകെ ബോക്സ് ഓഫീസ് കളക്ഷൻ 242.3 കോടി ആണെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ ട്വീറ്റ് ചെയ്തത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി എസ് പൊതുവാള്, ലാല്‍ ജൂനിയർ, ദീപക് പറമ്ബോല്, അഭിരാം രാധാകൃഷ്ണൻ, അരുണ്‍ കുര്യൻ, ഖാലിദ് റഹ്മാൻ, ചന്തു സലിംകുമാർ, വിഷ്ണു രഘു എന്നിവരായിരുന്നു പ്രധാന വേഷത്തില്ത്തിയത്.