ഡൽഹി : 2024 ലെ മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്ന പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യയുടെ ഇരട്ടമെഡല്‍ ജേതാവ് മനു ഭാക്കറിനടക്കം നാല് കായികതാരങ്ങള്‍ക്കാണ് കേന്ദ്ര കായിക മന്ത്രാലയം ഖേല്‍ രത്ന പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്. മനു ഭാക്കര്‍, ചെസ് താരം ഡി ഗുകേഷ്, ഹോക്കി താരം ഹര്‍മന്‍പ്രീത് സിങ്, പാരാലിംപിക്‌സ് താരം പ്രവീണ്‍ കുമാര്‍ എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്.
മലയാളി നീന്തല്‍ താരം സജ്ജന്‍ പ്രകാശ് ഉള്‍പ്പെടെ 32 പേര്‍ക്ക് അര്‍ജുന പുരസ്‌കാരവും ലഭിച്ചു. മലയാളി ബാഡ്മിന്റണ്‍ പരിശീലകന്‍ എസ് മുരളീധരനാണ് പരിശീലക രംഗത്തെ മികവിനുള്ള ദ്രോണാചാര്യ പുരസ്‌കാരം ലഭിച്ചത്. ജനുവരി 17ന് രാവിലെ 11 മണിക്ക് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാരിസ് ഒളിമ്പിക്‌സില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റളിലും 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീമിനത്തിലും വെങ്കലം നേടി മനു ഭാക്കര്‍ ചരിത്രമെഴുതിയിരുന്നു. സിംഗപ്പൂരില്‍ നടന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ ചൈനീസ് ചെസ് താരം ഡിങ് ലിറെനിനെ തോല്‍പ്പിച്ചാണ് ഗുകേഷ് ലോകചാമ്പ്യനായത്. ഇതോടെ ലോകചാമ്പ്യനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡും 18-കാരന്‍ സ്വന്തമാക്കി.
2024 പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യന്‍ ഹോക്കി ടീമിനെ വെങ്കലത്തിലേയ്ക്ക് നയിച്ചതാണ് ക്യാപ്റ്റൻ ഹര്‍മന്‍പ്രീത് സിങ്ങിനെ അവാർഡ് നേട്ടത്തിന് അർഹനാക്കിയത്. 2020 ടോക്കിയോ ഒളിമ്പിക്‌സിലും വെങ്കലം നേടിയ ടീമില്‍ ഹര്‍മന്‍പ്രീത് അംഗമായിരുന്നു. പാരാ അത്‌ലറ്റായ പ്രവീണ്‍ കുമാര്‍ 2024 പാരിസ് പാരാലിംപിക്‌സില്‍ ഹൈജമ്പില്‍ സ്വര്‍ണം നേടിയിരുന്നു. 2020 ടോക്കിയോ പാരാലിംപിക്‌സില്‍ വെള്ളിയും നേടി.