തിരുവനന്തപുരം : വെഞ്ഞാറമൂട്ടില്‍ വിവിധ പാർട്ടികളില്‍ നിന്നുള്ള പ്രാദേശിക നേതാക്കള്‍ ബിജെപിയില്‍ ചേർന്നു. സിപിഐ വാമനപുരം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ജി പ്രമഥചന്ദ്രൻ, സിപിഎം മുൻ വെഞ്ഞാറമൂട് ലോക്കല്‍ കമ്മിറ്റി അംഗം ബി ശോഭന, കോണ്‍ഗ്രസ് മുൻ മണ്ഡലം കമ്മിറ്റി അംഗം പി രാഘുനാഥൻ നായർ, ആർഎംപി ജില്ലാ സെക്രട്ടറിയേറ്റ് അംഗം പ്രദീപ് എന്നിവരാണ് ബിജെപിയില്‍ ചേർന്നത്. കേന്ദ്രമന്ത്രി വി. മുരളീധരൻ ഇവരെ ബിജെപിയിലേക്ക് സ്വീകരിച്ചു.
പൗരത്വ നിയമത്തിനെതിരെ സർക്കാർ കേസിന് പോകുന്നത് മാസപ്പടി വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണെന്ന് വി മുരളീധരൻ ആരോപിച്ചു. ക്ഷേമ പെൻഷൻ കൊടുക്കാൻ പോലും പണമില്ല. വൻതുക മുടക്കിയാണ് അഭിഭാഷകരെ വെക്കുന്നത്. ഇത് കേരള ജനതയോടുള്ള വെല്ലുവിളിയാണ്. ഇലക്ടറല്‍ ബോണ്ടില്‍ ആകെ 20000 കോടിയില്‍ ബിജെപിക്ക് കിട്ടിയത് 6000 കോടി രൂപയാണെന്നും പ്രതിപക്ഷത്തിനാണ് ബാക്കി 14,000 കോടി രൂപ ലഭിച്ചതെന്നും മന്ത്രി പറഞ്ഞു.