തലയോലപ്പറമ്പ്: കെ പി പി എല്ലിൽ നിന്നും പുറന്തള്ളുന്ന മലിന ജലം കലർന്ന് മൂവാറ്റുപുഴയാർ മലിനമാകുന്നത് തടയാൻ കെ പി പി എൽ മാലിന്യ സംസ്കരണത്തിന് അത്യാധുനിക പ്ലാൻ്റ് നിർമ്മിക്കണമെന്ന് മറവൻതുരുത്ത് ചുങ്കത്ത് സി പി എമ്മിൻ്റെ നേതൃത്വത്തിൻ ചേർന്ന കൺവൻഷൻ ആവശ്യപ്പെട്ടു. മലിനീകരണം മൂലം നാലു പഞ്ചായത്തുകളിലെ ഒന്നരലക്ഷംപേർ അനുഭവിക്കുന്ന ദുരിതം കമ്പനി അധികൃതരെ ബോധ്യപ്പെടുത്തുന്നതരത്തിൽ 17ന് മാർച്ചും ധർണയും നടത്താനും സി പി എം നേതൃത്വം തീരുമാനിച്ചു. പാർട്ടിയുടെ നേതൃത്വത്തിലുള്ള സമര പരിപാടിയെ തുടർന്ന് ബഹുജനങ്ങളേയും മറ്റ് രാഷ്ട്രീയ സാംസ്കാരിക സന്നദ്ധ സംഘടനകളിലുള്ളവരെ യും ഉൾപ്പെടുത്തി സമരം നടത്താനാണ് സി പി എം തീരുമാനം.
സംസ്ഥാന സർക്കാർ ഏറ്റെടുത്ത പത്രനിർമ്മാണ ഫാക്ടറിയോടുചേർന്ന് പുതിയതായി ആരംഭിക്കുന്ന കേരള റബ്ബർ ലിമിറ്റഡ് അടക്കമുള്ള സ്ഥാപനങ്ങൾ ആയിരക്കണക്കിന് ആളുകൾക്ക് തൊഴിൽ നൽകാൻ പര്യാപ്തമായവയാണ്. എന്നാൽ കെ പി പി എല്ലിൽ ആവശ്യമായ മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഉപയോഗിക്കാത്തത് മൂലം മലിനീകരണം മൂവാറ്റുപുഴയാറിലെ കുടിവെള്ള പദ്ധതികളെയടക്കം പ്രതികൂലമായി ബാധിക്കുന്ന സ്ഥിതിയായി. നാട് വികസന കുതിപ്പിലേറണമെന്ന് ആഗ്രഹിക്കുമ്പോഴും അതിനേക്കാൾ പ്രധാനപ്പെട്ടതാണ് ജനങ്ങളുടെ കുടിവെള്ള സംരക്ഷണമെന്നും കൺവൻഷനിൽ നേതാക്കൾ അഭിപ്രായപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജനങ്ങളുടെ കുടിവെള്ളം സംരക്ഷണമെന്ന പ്രധാന ആവശ്യം ഉന്നയിച്ചു വിളിച്ചു ചേർത്ത കൺവൻഷനിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ.പി.കെ. ഹരികുമാർ കൺവൻഷൻ ഉദ്ഘാടനം ചെയ്തു. തലയോലപ്പറമ്പ് ഏരിയാ സെക്രട്ടറി ഡോ.സി.എം. കുസുമൻ അധ്യക്ഷത വഹിച്ചു.
ജില്ലാ കമ്മിറ്റിയംഗം കെ.ശെൽവരാജ്, ഏരിയ കമ്മിറ്റി അംഗങ്ങളായ പി.വി. ഹരിക്കുട്ടൻ, ടി.എസ്. താജു, കെ.എസ്. വേണുഗോപാൽ,ടി. എന്‍.സിബി, കെ.ബി. രമ, ചെമ്പ് പഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരൻ, മറവൻതുരുത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി. പ്രതാപൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം രേഷ്മപ്രവീൺ, പഞ്ചായത്ത് അംഗങ്ങളായ ബി. ഷിജു, പി.കെ.മല്ലിക, സി.സുരേഷ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.