സിനിമകളുടെ ബോക്സ് ഓഫീസ് കണക്കുകള്‍ ഇന്ന് സിനിമാപ്രേമികള്‍ സാകൂതം നിരീക്ഷിക്കുന്ന ഒന്നാണ്. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ മാസാമാസം പുറത്തുവിടുന്ന അതത് മാസത്തെ തിയറ്റര്‍ ഷെയര്‍ കണക്കുകള്‍ സ്വാഭാവികമായും വലിയ പ്രേക്ഷകശ്രദ്ധയും വാര്‍ത്താ പ്രാധാന്യവും നേടാറുണ്ട്. ഇന്നിതാ മാര്‍ച്ച് മാസത്തെ കണക്കുകള്‍ പുറത്തെത്തിയപ്പോഴും അതില്‍ ശ്രദ്ധേയമായതും നിരാശപ്പെടുത്തുന്നതുമായ കണക്കുകളുമുണ്ട്. ബിഗ് ബജറ്റിലെത്തിയ പൃഥ്വിരാജ് ചിത്രം എമ്പുരാന്‍ മാത്രമാണ് ബോക്സ് ഓഫീസില്‍ കനപ്പെട്ട സംഖ്യ നേടിയിരിക്കുന്ന ഒരേയൊരു ചിത്രം. മറ്റ് 14 റിലീസുകളില്‍ അപൂര്‍വ്വം മറ്റ് ചില ചിത്രങ്ങള്‍ അത്യാവശ്യം പ്രേകഷകരെ തിയറ്ററുകളിലേക്ക് ആകര്‍ഷിച്ചുവെങ്കിലും ബഹുഭൂരിപക്ഷം ചിത്രങ്ങളും യാതൊരു ചലനവും ഉണ്ടാക്കാതെയാണ് പോയത്.
മാര്‍ച്ച് മാസ റിലീസുകളില്‍ ഏറ്റവും കുറവ് തിയറ്റര്‍ ഷെയര്‍ നേടിയ ചിത്രങ്ങള്‍ മറുവശം, പ്രളയശേഷം ഒരു ജലകന്യക, ആരണ്യം, കാടകം, ലീച്ച്, വെയ്റ്റിംഗ് ലിസ്റ്റ് എന്നിവയാണ്. ഇവയെല്ലാം ലോ ബജറ്റ് ചിത്രങ്ങള്‍ ആയിരുന്നുവെങ്കിലും കളക്ഷനുമായി തട്ടിച്ചു നോക്കുമ്പോള്‍ ബജറ്റ് പല മടങ്ങ് ഉയര്‍ന്നത് ആയിരുന്നു. ഇക്കൂട്ടത്തില്‍ ഏറ്റവും ബജറ്റ് കൂടിയ ചിത്രം ലീച്ച് ആയിരുന്നു. മാര്‍ച്ച് 14 ന് തിയറ്ററുകളില്‍ എത്തിയ ചിത്രത്തിന്‍റെ ബജറ്റ് ഒരു കോടി ആണ്. 45,000 മാത്രമാണ് ചിത്രത്തിന് തിയറ്റര്‍ ഷെയര്‍ ഇനത്തില്‍ നേടാനായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
78 ലക്ഷം ബജറ്റിലെത്തിയ മറുവശം നേടിയ ഷെയര്‍ 60,000, 15 ലക്ഷം ബജറ്റിലെത്തിയ പ്രളയശേഷം ഒരു ജലകന്യക നേടിയ ഷെയര്‍ 64,000, 85 ലക്ഷം ബജറ്റിലെത്തിയ ആരണ്യം നേടിയ ഷെയര്‍ 22,000, 30 ലക്ഷം ബജറ്റിലെത്തിയ കാടകം നേടിയ ഷെയര്‍ 80,000 എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍. 35,000 തിയറ്റര്‍ ഷെയര്‍ നേടിയ വെയ്റ്റിംഗ് ലിസ്റ്റിന്‍റെ ബജറ്റ് ലഭ്യമല്ല.
എമ്പുരാന്‍ ഒഴികെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ മറ്റ് ചിത്രങ്ങളുടെ കണക്കുകള്‍ ഇങ്ങനെ- ഔസേപ്പിന്‍റെ ഒസ്യത്ത് എന്ന ചിത്രത്തിന്‍റെ ബജറ്റ് 4.04 കോടി ആയിരുന്നു.
തിയറ്റര്‍ ഷെയര്‍ 45 ലക്ഷവും. ചിത്രം ഇപ്പോഴും തിയറ്ററുകളില്‍ തുടരുന്നുണ്ട്. വടക്കന്‍ 3.6 കോടി ബജറ്റിലെത്തി 20 ലക്ഷം ഷെയര്‍ നേടി. ഇപ്പോഴും തിയറ്ററുകളില്‍ തുടരുന്നുണ്ട് ചിത്രം. മാര്‍ച്ച് 29 ന് തിയറ്ററുകളിലെത്തിയ അഭിലാഷത്തിന്‍റെ ബജറ്റ് 4 കോടി ആയിരുന്നു. മൂന്ന് ദിവസത്തെ തിയറ്റര്‍ ഷെയര്‍ 15 ലക്ഷമാണ്. ചിത്രം ഇപ്പോഴും തിയറ്ററുകളില്‍ തുടരുന്നുമുണ്ട്.