മറിയപ്പള്ളി മുട്ടത്ത് നിന്നും
ജാഗ്രതാന്യൂസ് ലൈവ്
പ്രത്യേക ലേഖകന്‍
കോട്ടയം: മറിയപ്പള്ളി മുട്ടത്തെ പാറമടക്കുളത്തില്‍ മുങ്ങിപ്പോയ ലോറി കണ്ടെത്തി. അഗ്നിരക്ഷാസേനയുടെ മുങ്ങല്‍ വിദഗ്ധര്‍ പാറമടക്കുളത്തില്‍ നടത്തിയ തിരച്ചിലിലാണ് ലോറി കണ്ടെത്തിയത്. എന്നാല്‍ അപകടത്തില്‍പ്പെട്ട ഡ്രൈവര്‍ ലോറിക്കുള്ളിലുണ്ടോ എന്ന് കാര്യം ഉറപ്പിക്കാനായിട്ടില്ല. അഗ്നിരക്ഷാസേന കോട്ടയം സ്റ്റേഷന് ഓഫീസര്‍ അനൂപ് രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് തിരച്ചില്‍ നടത്തിയത്. ഡ്രൈവറെ കണ്ടെത്തുന്നതിനായി സ്കൂബാ ഡൈവിംഗ് ടീം വെള്ളത്തിനടിയില്‍ പരിശോധന തുടരുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന് ക്രെയിനും എത്തിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അപകടത്തില്‍പ്പെട്ട ഡ്രൈവര്‍ തിരുവനന്തപുരം കരുമാനൂര്‍ പാറശാല സ്വദേശി എസ്.എസ് ഭവനില്‍ ബി.അജികുമാറിന് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായിരുന്നതായി നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചു.
ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് അജികുമാര്‍ ലോറിയുമായി മറിയപ്പള്ളിയില്‍ എത്തിയത്. മറിയപ്പള്ളി മുട്ടത്ത് രാജേന്ദ്രപ്രസാദിന്റെ ഉടമസ്ഥതയിലുള്ള വളം ഡിപ്പോയില്‍ നിന്നും പത്ത് ടണ്ണോളം വളം ലോറിയില്‍ കയറ്റിയിരുന്നു. ഈ വളവുമായി മുട്ടത്തെ പാറമടക്കുളത്തിന് സമീപമുള്ള കടയരികില്‍ ലോറി നിര്‍ത്തിയിട്ട ശേഷം ഇവിടെ നിന്ന് ഭക്ഷണം കഴിച്ച് കുളിച്ച ശേഷം രാത്രി 9.30 ഓടെയാണ് ലോറിയെടുത്ത് ഇദ്ദേഹം പുറപ്പെട്ടത്.
ലോറി മീറ്ററുകളോളം മുന്നോട്ട് നീങ്ങിയപ്പോഴാണ് പാറമടക്കുളത്തിലേക്ക് മറിഞ്ഞത്. നൂറ് അടിയിലേറെ പാറമടക്കുളത്തിന് ആഴമുണ്ടെന്നാണ് സംശയിക്കുന്നത്. പാറമടക്കുളത്തിന് ചെരിഞ്ഞ പ്രതലമാണുള്ളത്. ആയതിനാല്‍, മറിഞ്ഞ ലോറി വീണ അതേസ്ഥലത്ത് തന്നെ കാണാനുള്ള സാധ്യത കുറവാണ്.