കൊച്ചി: തിയേറ്ററുകളില്‍ വലിയ വിജയം നേടി മുന്നേറുന്ന മാര്‍ക്കോ സിനിമയുടെ വ്യാജ പതിപ്പ് ഇൻസ്റ്റഗ്രാം പേജിൽ ചോർന്നു. ടിഡി മൂവി എന്ന ഇൻസ്റ്റഗ്രാം പേജിലാണ് പല ഭാഗങ്ങളായി ചിത്രത്തിന്റെ ഹിന്ദി പതിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ടോറന്റിലും സിനിമ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. നേരത്തെ ചിത്രത്തിന്റെ എച്ച്ഡി പതിപ്പ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെ പ്രതികരണവുമായി ഉണ്ണി മുകുന്ദന്‍ രംഗത്തെത്തിയിരുന്നു. വ്യാജപതിപ്പ് കാണാതിരിക്കാന്‍ പ്രേക്ഷകര്‍ തീരുമാനിക്കുക എന്നത് മാത്രമാണ് ഇക്കാര്യത്തില്‍ ഒരേയൊരു പരിഹാരമെന്ന് ഉണ്ണി മുകുന്ദന്‍ സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞു.
അടുത്തിടെയായി തിയേറ്ററില്‍ റിലീസായ പല മലയാളച്ചിത്രങ്ങളുടെയും ഹൈ ക്വാളിറ്റി വ്യാജ പതിപ്പുകള്‍ ഓണ്‍ലൈനിലൂടെ പുറത്തിറങ്ങിയിരുന്നു. ക്രിസ്മസ് റിലീസായി എത്തിയ ബറോസ്, റൈഫിള്‍ ക്ലബ്, എക്‌സ്ട്രാ ഡീസന്റ് എന്നിവയുടെയെല്ലാം വ്യാജപതിപ്പുകള്‍ ഓണ്‍ലൈനിലെത്തി. നേരത്തെ റിലീസായ സൂക്ഷ്മദര്‍ശിനിയുടെയും വ്യാജപതിപ്പ് പുറത്തുവന്നിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തിയേറ്ററില്‍ നിന്നും അനധികൃതമായി ഷൂട്ട് ചെയ്ത് തയ്യാറാക്കുന്ന ക്വാളിറ്റി കുറഞ്ഞ പ്രിന്റുകളാണ് നേരത്തെ വ്യാപകമായി പ്രചരിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ മികച്ച ക്വാളിറ്റിയിലുള്ള പതിപ്പുകളാണ് എത്തുന്നത്. ഇത് സിനിമാവ്യവസായത്തിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. നിര്‍മാതാക്കളുടെയും സിനിമാ സംഘടനകളുടെയും നിയമ സംവിധാനങ്ങളുടെയും ഭാഗത്ത് നിന്ന് വിഷയത്തില്‍ ഗൗരവകരമായ നടപടിയുണ്ടാകണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയരുന്നുണ്ട്.