മലയാളത്തിലെ മോസ്റ്റ് വയലന്റ് ചിത്രമെന്ന ലേബലിൽ എത്തിയ മാർക്കോയുടെ കന്നഡ പതിപ്പ് റിലീസിന് ഒരുങ്ങുന്നു. നടൻ ഉണ്ണി മുകുന്ദൻ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ജനുവരി 31നാണ് മാർക്കോ കന്നഡ പതിപ്പ് റിലീസ് ചെയ്യുക. റിലീസ് വിവരം പങ്കുവച്ചുകൊണ്ട് പുതിയ പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തിറക്കിയിട്ടുണ്ട്. കുമാർ ഫിലിംസ് ആണ് ചിത്രം കന്നഡയിൽ റിലീസ് ചെയ്യുക.
ക്രിസ്മസ് റിലീസായി ഡിസംബർ 20ന് തിയറ്ററുകളിൽ എത്തിയ ചിത്രമാണ് മാർക്കോ. ഹനീഫ് അദേനി രചനയും സംവിധാനവും നിർവഹിച്ച ചിത്രം ബോളിവുഡിൽ വൻ സ്വീകാര്യത നേടിയിരുന്നു. ഒപ്പം ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവച്ചു. ആഗോളതലത്തിൽ 100 കോടി ക്ലബ്ബിൽ ഇടം നേടിയ ചിത്രം തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഉണ്ണി മുകുന്ദന്റെ കരിയറിൽ വലിയ ബ്രേക് ത്രൂവായ മാർക്കോ മലയാളത്തിനും ഹിന്ദിക്കും പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും പ്രദർശിപ്പിക്കുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ക്യൂബ്‌സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദ് ആണ് മാർക്കോ നിർമിച്ചത്. അസാധാരണമായ വയലൻസ് രംഗങ്ങളും ഹെവി മാസ് ആക്ഷനുമാണ് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിങ്ങ്സ്റ്റൺ ചിത്രത്തിൽ ഒരുക്കിയിട്ടുള്ളത്. ഉണ്ണി മുകുന്ദനെ കൂടാതെ ജഗദീഷ്, സിദ്ദീഖ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ ബോളിവുഡ് താരങ്ങളും ഒട്ടേറെ പുതുമുഖ താരങ്ങളും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
ഛായാഗ്രഹണം: ചന്ദ്രു സെൽവരാജ്, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, സൗണ്ട് ഡിസൈൻ: സപ്ത റെക്കോർഡ്സ്, ഓഡിയോഗ്രഫി: രാജകൃഷ്ണൻ എം ആർ, കലാസംവിധാനം: സുനിൽ ദാസ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, കോസ്റ്റ്യും&ഡിസൈൻ: ധന്യാ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: അബ്ദുൾ ഗദാഫ്, ജുമാന ഷെരീഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്‍റർടെയ്ൻമെന്‍റ്, പിആർഒ: ആതിര ദിൽജിത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.