പാലാ: കേരള സംസ്ഥാന ഊർജ വകുപ്പിനു കീഴിലുള്ള സംസ്ഥാന എനർജി മാനേജ്മെന്റ് സെന്ററിന്റെ ഊർജ സംരക്ഷണ പുരസ്കാരങ്ങളിൽ ബിൽഡിംഗ് വിഭാഗത്തിൽ ഒന്നാം സ്ഥാനം മാർ സ്ലീവാ മെഡിസിറ്റിക്ക് ലഭിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടിയിൽ നിന്ന് മാർ സ്ലീവാ മെഡിസിറ്റി ഹോസ്പിറ്റൽ ഓപ്പറേഷൻസ് ആൻഡ് പ്രോജക്ട്സ് ഡയറക്ടർ റവ. ഫാ. ജോസ് കീരഞ്ചിറ, ചീഫ് ഓപ്പറേറ്റിംഗ് ഓഫിസർ ഡോ. ഗോപിനാഥ് മാമ്പള്ളിക്കളം എന്നിവർ ചേർന്നു പുരസ്കാരവും, ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാർഡും പ്രശസ്‌തി പത്രവും ഏറ്റുവാങ്ങി. എൻജിനീയറിംഗ് വിഭാഗം മാനേജർ ഡോ. പോളി തോമസ് , ഡപ്യൂട്ടി മാനേജർമാരായ ലിജു തോമസ് , ജോമോൻ ജോസ് എന്നിവരും പങ്കെടുത്തു.
ഏറ്റവും ഫലപ്രദമായ രീതിയിൽ ഊർജ സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്നതിന് കെട്ടിടങ്ങളുടെ വിഭാഗത്തിലാണ് മാർ സ്ലീവാ മെഡിസിറ്റിക്ക് പുരസ്കാരം ലഭിച്ചത്. സംസ്ഥാനത്ത് ഉടനീളമുള്ള ഒട്ടേറെ ആരോഗ്യ സ്ഥാപനങ്ങളെയും വൻകിട കെട്ടിടങ്ങളെയും ഉൾപ്പെടെ അവാർഡിനു പരിഗണിച്ചതിൽ നിന്നും മാർ സ്ലീവാ മെഡിസിറ്റിക്ക് ഒന്നാം സ്ഥാനം ലഭിച്ചത് ആശുപത്രിയുടെ മികവ് വ്യക്തമാക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മികച്ച പരിസ്ഥിതി, ഊർജ, ജല സംരക്ഷണ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ വർഷത്തെ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഒന്നാം സ്ഥാനവും മാർ സ്ലീവാ മെഡിസിറ്റിക്ക് ലഭിച്ചിരുന്നു. കേരള എനർജി മാനേജ്മെന്റ് സെൻറർ നടത്തിയ വസ്തുനിഷ്ഠമായ വിലയിരുത്തലിൽ, ഊർജ പ്രവർത്തന മാനദണ്ഡങ്ങൾ, ശാശ്വത വികസന സംരംഭങ്ങൾ, നവീന ഊർജ സംരക്ഷണ സാങ്കേതികവിദ്യകൾ, മറ്റ് പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് ആശുപത്രിക്ക് പുരസ്കാരം നൽകുന്നതിനായി തീരുമാനം എടുത്തത്. ആശുപത്രി മാനേജ്മെന്റിന്റെ മേൽനോട്ടത്തിൽ എൻജിനീയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ഊർജ സംരക്ഷണ പ്രവർത്തനങ്ങൾ ഊർജ കാര്യക്ഷമതയ്ക്കും പരിസ്ഥിതി സംരക്ഷണത്തിനുമുള്ള മാർ സ്ലീവാ മെഡിസിറ്റിയുടെ സാമൂഹിക പ്രതിബദ്ധതയുടെ തെളിവു കൂടിയാണെന്നു മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ പറഞ്ഞു.