കൊച്ചി: മസാല ബോണ്ട് കേസില്‍ എൻഫോഴ്സ്മെന്റ് അന്വേഷണം നിശ്ചലമാക്കാൻ കിഫ്ബി മനപൂർവം ശ്രമിക്കുന്നതായി ഇഡി സംഘത്തിന്റെ ആരോപണം. പത്ത് മാസമായി കിഫ്ബിയടക്കം എതിർകക്ഷികള്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ല. നിയമത്തെപ്പറ്റി പരിജ്ഞാനമുളള എതിർ കക്ഷികള്‍ മനപൂർവം നിസഹകരിക്കുകയാണ്. എതിർ കക്ഷികള്‍ക്ക് സമൻസ് അയക്കുകയെന്നത് നടപടിക്രമം മാത്രമാണ്. അതില്‍ നിന്ന് ഒഴിഞ്ഞുമാറാൻ കിഫ്ബി അടക്കം ശ്രമിക്കുന്നത് ശരിയല്ല.
സമൻസ് കിട്ടുന്നയാള്‍ കുറ്റക്കാരനാണെന്നോ അല്ലെന്നോ പ്രഥമദൃഷ്ട്യാ പറയാനാകില്ല. അന്വേഷണത്തിന്റെ ഭാഗമായുളള വിവര ശേഖരണത്തിനാണ് വിളിക്കുന്നത്. അതിനോട് സഹകരിക്കേണ്ടത് ഉത്തരവാദിത്വമുള്ളവരുടെ ബാധ്യതയാണെന്നും ഇഡി ഹൈക്കോടതിയില്‍ നല്‍കിയ മറുപടി സത്യവാങ്മൂലത്തില്‍ പറയുന്നു. ഇഡി സമൻസ് ചോദ്യം ചെയ്ത് കിഫ്ബി നല്‍കിയ ഹർജിയിലാണ് ഇ ഡിയുടെ മറുപടി. മുൻ ധനമന്ത്രി തോമസ് ഐസക്കും ഇഡിക്ക് മുൻപാകെ ഹാജരാകാൻ കഴിഞ്ഞദിവസം വിസമ്മതിച്ചിരുന്നു.