തൃശൂർ : മാതൃഭൂമിയുടെ മുതിർന്ന ലേഖകൻ ജനു ഗുരുവായൂർ (കെ. ജനാർദനൻ- 72) അന്തരിച്ചു. നാല് പതിറ്റാണ്ടിലേറെയായി മാതൃഭൂമിയുടെ ഗുരുവായൂർ ലേഖകനാണ്. മമ്മിയൂർ നാരായണം കുളങ്ങര കോമത്ത് കുടുംബാംഗമാണ്. ചാട്ടുകുളം തെക്കൻ ചിറ്റഞ്ഞൂരിലായിരുന്നു താമസം. ഗുരുവായൂർ ക്ഷേത്രത്തിന്റെ പ്രശസ്തി ലോകമെമ്ബാടും എത്തിക്കുന്നതില്‍ മുഖ്യ പങ്കുവെച്ച പത്ര പ്രവർത്തകനായിരുന്നു. ഗുരുവായൂർ ക്ഷേത്രത്തിന്റെയും നഗരത്തിന്റെയും വികസനത്തില്‍ അദ്ദേഹത്തിന്റെ വാർത്തകള്‍ ഏറെ തുണയായിട്ടുണ്ട്.
ഗുരുവായൂരിന്റെ സാമൂഹിക, സാംസ്കാരിക, സാമുദായിക, അദ്ധ്യാത്മികരംഗങ്ങളില് തിളക്കമുള്ള മുഖമായിരുന്നു ജനു ഗുരുവായൂർ. ഗുരുവായൂർ സത്യാഗ്രഹ സ്മാരക സമിതി രൂപവത്കരണത്തില്‍ പ്രധാന പങ്ക് വഹിച്ചു. സംഘടനയുടെ തുടക്കം മുതല്‍ 40 വർഷത്തോളമായി സത്യാഗ്രഹ സമരങ്ങളെ ഓർമിപ്പിച്ച് എല്ലാ വർഷവും പരിപാടികള്‍ സംഘടിപ്പിച്ചു. മമ്മിയൂർ മഹാദേവ ക്ഷേത്രം, നാരായണം കുളങ്ങര ക്ഷേത്രം എന്നിവിടങ്ങളിലെ ഉപദേശക സമിതി അംഗമായിരുന്നു. പുരാതന നായർ തറവാട് കൂട്ടായ്മ രക്ഷാധികാരിയാണ്. എൻ.എസ്.എസ്. ചാവക്കാട് താലൂക്ക് യൂണിയൻ ഭരണസമിതി അംഗമായിരുന്നു. ഗുരുവായൂർ പ്രസ് ക്ലബ് രക്ഷാധികാരിയാണ്.