കണ്ണൂര്‍: ടിക്കറ്റില്ലാതെ സ്ലീപ്പര്‍ കോച്ചില്‍ യാത്ര ചെയ്‌തെന്ന് ആരോപിച്ച് മാവേലി എക്‌സ്പ്രസിലെ യാത്രക്കാരന് പൊലീസിന്റെ ക്രൂരമര്‍ദനം. യാത്രക്കാരനെ കരണത്തടിച്ച ശേഷം നിലത്തിട്ട് ബൂട്ടിട്ട കാല് കൊണ്ട് നെഞ്ചില്‍ ചവിട്ടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ശേഷം, ഇയാളെ വടകര സ്റ്റേഷനില്‍ ഇറക്കിവിട്ടു. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ എഎസ്‌ഐ പ്രമോദാണ് മര്‍ദനത്തിന് പിന്നില്‍.
സ്ലീപ്പര്‍ കംപാര്‍ട്ട്‌മെന്റിലേക്ക് പരിശോധനയുമായി എത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ യാത്രക്കാരനോട് ടിക്കറ്റ് ചോദിച്ചു. സ്ലീപ്പര്‍ ടിക്കറ്റില്ലെന്നും ജനറല്‍ ടിക്കറ്റ് മാത്രമേയുള്ളുവെന്നും യാത്രക്കാരന്‍ മറുപടി നല്‍കി. കയ്യിലുള്ള ടിക്കറ്റ് കാണിക്കാന്‍ പൊലീസ് ആവശ്യപ്പെട്ടു. യാത്രക്കാരന്‍ ബാഗില്‍ ടിക്കറ്റ് തിരയുന്നതിനിടെയാണ് പൊലീസ് ചവിട്ടുകയും മര്‍ദിക്കുകയും ചെയ്തത്. മാവേലി എക്‌സ്പ്രസ് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട സമയത്താണ് സംഭവമുണ്ടായത്. ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന മറ്റൊരു യാത്രക്കാരനാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൊലീസിന് സമനില തെറ്റിയെന്നും ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. പൊലീസിന് എപ്പോഴും ഇത്തരം ആരോപണങ്ങള്‍ നേരിടേണ്ടി വരാറുണ്ടെന്നും അത് ആഭ്യന്തര വകുപ്പിന്റെ കുഴപ്പമല്ലെന്നും കാനം പ്രതികരിച്ചു. പൊലീസ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേരും. അതേസമയം, മര്‍ദിച്ചിട്ടില്ലെന്നും ട്രെയിനില്‍ നിന്ന് ഇറക്കി വിടുക മാത്രമാണ് ചെയ്തതെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അമിതമായി മദ്യപിച്ച യാത്രക്കാരനെതരെ സ്ത്രീകള്‍ പരാതി നല്‍കിയിരുന്നു എന്ന വിശദീകരണമാണ് ടിടിഇ നല്‍കിയത്.
പൊലീസ് മര്‍ദനമേറ്റ യാത്രക്കാരനെ കണ്ടെത്തിയിട്ടില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനൊരുങ്ങുകയാണ് പാലക്കാട് ഡിവിഷന്‍.