ഗ്വാളിയോർ: ബംഗ്ലാദേശിനെതിരായ ഒന്നാം ടി20യിൽ രണ്ട് താരങ്ങൾക്കാണ് ഇന്ത്യ അരങ്ങേറ്റത്തിന് അവസരം നൽകിയത്. ഒരാൾ സൺറൈസേഴ്സ് ഹൈദരാബാദിലൂടെ മികവ് കാട്ടി വളർന്ന നിതീഷ് കുമാർ റെഡ്ഡിയാണ്. മറ്റൊരാൾ ലഖ്നൗ സൂപ്പർ ജയ്ന്റ്സിലൂടെ വളർന്ന സൂപ്പർ പേസർ മായങ്ക് യാദവാണ്. ഇന്ത്യൻ ക്രിക്കറ്റിൽ അതിവേഗ പേസർമാർ കുറവായതിനാൽ മായങ്കിന്റെ പ്രകടനത്തിലേക്കാണ് എല്ലാവരും ഉറ്റുനോക്കിയിരുന്നത്.
ഐപിഎല്ലിൽ തുടർച്ചയായി 150ന് മുകളിൽ വേഗം കണ്ടെത്തി ഞെട്ടിച്ച മായങ്ക് ഇന്ത്യൻ ടീമിലേക്കെത്തുമ്ബോൾ ഇതേ മികവ് തുടരുമോയെന്നതായിരുന്നു എല്ലാവരുടേയും സംശയം. എന്നാൽ കിടിലൻ ബൗളിങ് പ്രകടനത്തോടെ എല്ലാവരുടേയും പ്രതീക്ഷ കാത്തിരിക്കുകയാണ് മായങ്ക് യാദവ്. ഒരു വിക്കറ്റാണ് താരം വീഴ്ത്തിയത്. എന്നാൽ കിടിലൻ ലൈനും ലെങ്തും മികച്ച വേഗവും ഉൾപ്പെടെ കൈയടി നേടാൻ മായങ്ക് യാദവിന് സാധിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മായങ്ക് യാദവ് രണ്ടാം ഓവർ എറിയാനെത്തുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ നായകൻ സൂര്യകുമാർ യാദവ് പവർപ്ലേയിലെ അവസാന ഓവറാണ് മായങ്കിന് നൽകിയത്. സ്വാഭാവികമായും ബാറ്റ്സ്മാൻമാർ കടന്നാക്രമിക്കാൻ സാധ്യതയുള്ള ഈ ഓവർ മായങ്കിനെപ്പോലൊരു അരങ്ങേറ്റ താരത്തിന് വലിയ വെല്ലുവിളി തന്നെയായിരുന്നു. പക്ഷെ എല്ലാവരേയും ഞെട്ടിച്ച് മായങ്ക് ഈ ഓവർ മെയ്ഡനാക്കി എന്നതാണ് എടുത്തു പറയേണ്ടത്.
150ന് മുകളിൽ വേഗം കണ്ടെത്താൻ മായങ്കിന് സാധിച്ചില്ലെങ്കിലും മികച്ച ലൈനും ലെങ്തുമായി കൈയടി നേടുന്ന പ്രകടനത്തോടെ മായങ്ക് യാദവ് അരങ്ങേറ്റം ഗംഭീരമാക്കി. ബംഗ്ലാദേശ് സീനിയർ താരം മഹമ്മൂദുല്ലയുടെ വിക്കറ്റ് നേടാനും മായങ്ക് യാദവിനായി. അരങ്ങേറ്റത്തിൽത്തന്നെ വലിയ പ്രതീക്ഷ നൽകുന്ന പ്രകടനമാണ് മായങ്ക് നടത്തിയത്.
തേച്ച് മിനുക്കിയെടുത്താൽ ഇന്ത്യക്ക് മുതൽക്കൂട്ടാവുന്ന ബൗളറായി വളരാൻ മായങ്ക് യാദവിന് സാധിക്കുമെന്ന് തെളിയിക്കുന്ന പ്രകടനമാണ് താരം അരങ്ങേറ്റത്തിൽ നടത്തിയത്. അരങ്ങേറ്റ മത്സരത്തിന്റെ ആദ്യ ഓവർ മെയ്ഡനാക്കുന്ന മൂന്നാമത്തെ ഇന്ത്യൻ താരമായി മായങ്ക് റെക്കോഡുമിട്ടു.
ഇന്ത്യൻ ടീമിലേക്ക് പേസുകൊണ്ട് വിസ്മയിപ്പിച്ചെത്തിയ മറ്റ് താരങ്ങളെക്കാൾ മികച്ച ലൈനും ലെങ്തും അവകാശപ്പെടാൻ സാധിക്കുന്ന താരമാണ് മായങ്ക് യാദവ്. ഉമ്രാൻ മാലിക് മായങ്കിനെപ്പോലെ അതിവേഗ പേസുകൊണ്ട് വിസ്മയിപ്പിച്ചവനാണ്. തുടർച്ചയായി 150ന് മുകളിൽ വേഗം കണ്ടെത്തി വേഗംകൊണ്ട് അത്ഭുതപ്പെടുത്താൻ ഉമ്രാന് സാധിച്ചു. എന്നാൽ തല്ലുകൊള്ളിയായ ബൗളറായി മാറിയതോടെ ടീമിലെ സ്ഥാനം നഷ്ടമായി. ഇതിൽ നിന്ന് വ്യത്യസ്തനാണ് മായങ്ക് എന്ന് പറയാം.
അതിവേഗത്തോടൊപ്പം ഇക്കോണമി കാത്ത് പന്തെറിയാനും താരത്തിന് സാധിക്കുന്നുണ്ട്. വ്യത്യസ്തമായ ലൈനും ലെങ്തു സ്ലോ ബോളുകളും പരീക്ഷിക്കുന്ന ബൗളറാണ് മായങ്ക്. ഷോർട്ട് ബോളുകളും മായങ്കിന്റെ കൈകളിൽ ഭദ്രം. അതുകൊണ്ടുതന്നെ മായങ്കിനെ ഇന്ത്യക്ക് ടെസ്റ്റിലേക്കടക്കം വൈകാതെ പരിഗണിക്കാൻ സാധിക്കും. മികച്ച വേഗത്തോടൊപ്പം നല്ല ലൈനും ലെങ്തുമുള്ള മായങ്കിനെപ്പോലൊരു താരം ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിൽ വിരളമായി കാണാനാവുന്നതാണ്.