പാലക്കാട്: പരുതൂർ പഞ്ചായത്ത് പ്രസിഡന്‍റ് എപിഎം സക്കറിയക്കെതിരെ മന്ത്രി എം.ബി രാജേഷ്. പരുതൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെയും അസിസ്റ്റന്റ് സെക്രട്ടറിയെയും വീണ്ടും സ്ഥലം മാറ്റി പഞ്ചായത്ത് ഭരണസംവിധാന അസ്ഥിരപ്പെടുത്താൻ ശ്രമിക്കുകയാണെന്ന പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് മന്ത്രി പറഞ്ഞു. പച്ചക്കള്ളം പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് പരുതൂർ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രമിക്കുന്നത്. നുണ പറച്ചില്‍ അവസാനിപ്പിച്ച് ജനങ്ങളോട് സത്യം പറയാൻ പ്രസിഡന്റ് തയ്യാറാവണമെന്ന് എംബി രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചു.
പരുതൂർ പഞ്ചായത്ത് സെക്രട്ടറിയെയും അസിസ്റ്റൻറ് സെക്രട്ടറിയെയും വീണ്ടും സ്ഥലം മാറ്റി എന്ന പച്ചക്കള്ളമാണ് പരുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രചരിപ്പിക്കുന്നത്. ഗ്രാമപഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി ഹംസ. എസ് ന് അദ്ദേഹത്തിന്റെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് 22.12.24 ലെ ഉത്തരവിലൂടെ തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പല്‍ ഡയറക്ടർ കൊടുവായൂർ ഗ്രാമപഞ്ചായത്തിലേക്ക് സ്ഥലംമാറ്റം നല്‍കിയിട്ടുള്ളത്. തദ്ദേശ സ്വയംഭരണ വകുപ്പിലെ സ്ഥലം മാറ്റങ്ങള്‍ പൂർണമായും ജീവനക്കാരുടെ അപേക്ഷകളുടെ അടിസ്ഥാനത്തില്‍ ഓണ്‍ലൈൻ ആയാണ് നടത്തപ്പെടുന്നത്. അതിലെ വിവരങ്ങള്‍ സുതാര്യമാണ്. അർഹതപ്പെട്ട സ്ഥലംമാറ്റം ലഭിക്കാത്ത പക്ഷം അതിനെതിരെ ജീവനക്കാർക്ക് അപ്പീല്‍ / പരാതി നല്‍കാനും കഴിയും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഉണ്ടാകുന്ന ഒഴിവുകളിലേക്ക് ജീവനക്കാരുടെ അപേക്ഷകളുടെ അടിസ്ഥാനത്തില്‍ സോഫ്റ്റ്‌വെയർ തന്നെ തയ്യാറാക്കുന്ന ക്യൂ ലിസ്റ്റ് പ്രകാരമാണ് സ്ഥലം മാറ്റങ്ങള്‍ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പല്‍ ഡയറക്ടർ നടത്തുന്നത്. യുഡിഎഫ് കാലത്തുണ്ടായിരുന്നത് പോലെ സ്വജനപക്ഷപാതവും സ്വാധീനവും ലേലം വിളിയുമല്ല സ്ഥലംമാറ്റത്തിനടിസ്ഥാനം. ജീവനക്കാരൻ്റെ ഓണ്‍ലൈൻ അപേക്ഷയുടെ അടിസ്ഥാനത്തിലുള്ള ക്യൂ ലിസ്റ്റ് പ്രകാരം നടത്തിയ സ്ഥലംമാറ്റത്തെയാണ് സർക്കാരിന്റെ ദ്രോഹ നടപടിയായി പഞ്ചായത്ത് പ്രസിഡണ്ട് ചിത്രീകരിച്ചിരിക്കുന്നത്. അർഹതപ്പെട്ട സ്ഥലംമാറ്റം ജീവനക്കാർക്ക് നല്‍കുന്നതിനാണ് സർക്കാർ ഓണ്‍ലൈൻ സംവിധാനം ഏർപ്പെടുത്തിയത്.
സ്ഥലംമാറ്റം നല്‍കുന്നതിനൊപ്പം തന്നെ ഗ്രാമ പഞ്ചായത്തില്‍ പകരം ആളെ ലഭ്യമാക്കുന്നു എന്നും പ്രിൻസിപ്പല്‍ ഡയറക്ടർ ഉറപ്പു വരുത്തിയിട്ടുണ്ട്. 22.12.24 ലെ അതേ സ്ഥലം മാറ്റ ഉത്തരവിലെ ക്രമ നമ്പർ 44 പ്രകാരം ഹംസക്ക് പകരമായി പടന്ന ഗ്രാമ പഞ്ചായത്തില്‍ നിന്നും സാബുവിനെ സ്ഥലം മാറ്റി നിയമിച്ചിട്ടുമുണ്ട്.
സെക്രട്ടറിയുടെ കാര്യത്തില്‍ നിലവിലുള്ള ആള്‍ക്ക് മുമ്ബുണ്ടായിരുന്ന സെക്രട്ടറി റിട്ടയർ ചെയ്യുകയാണുണ്ടായത്. അതിനു ശേഷം നിയമിച്ച ആള്‍ക്ക് തൊട്ടടുത്ത ഗ്രാമ പഞ്ചായത്തിലേക്ക് രണ്ടര മാസം മുമ്ബ് സ്ഥലം മാറ്റി നല്‍കിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കാലമായതിനാല്‍ അന്ന് ആ സ്ഥലംമാറ്റം നടപ്പാക്കിയിരുന്നില്ല. ഇപ്പോള്‍ നടപ്പാക്കാനാവുമായിരുന്നിട്ടും പ്രസ്തുത സെക്രട്ടറി നിലവിലും അവിടെ തുടർന്നു വരുന്നുണ്ട്. പകരം ആളെ നല്‍കി കൊണ്ട് മാത്രമേ സ്ഥലംമാറ്റം പ്രാവർത്തികമാക്കുകയുള്ളു- മന്ത്രി വ്യക്തമാക്കി.