തുരുത്തിയിൽ നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
അതിഥി റിപ്പോർട്ടർ
സമയം – 04.10
കോട്ടയം: എം.സി റോഡിൽ തുരുത്തിയിൽ രോഗിയില്ലാതെ സൈറണിട്ട് അമിത വേഗത്തിൽ പാഞ്ഞ ആംബുലൻസ് ബൈക്ക് യാത്രക്കാരനെ ഇടിച്ചു തെറുപ്പിച്ചു. റോഡിൽ തെറിച്ചു വീണ് സാരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ ഇതേ ആംബുലൻസിൽ തന്നെ ചങ്ങനാശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡിൽ വാഹനം തടഞ്ഞു നിർത്തിയ നാട്ടുകാർ ചേർന്നാണ് ഇയാളെ ഇതേ ആംബുലൻസിൽ തന്നെ ചങ്ങനാശേരി ആശുപത്രിയിൽ എത്തിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബുധനാഴ്ച വൈകിട്ട് നാലുമണിയോടെ എം.സി റോഡിൽ തുരുത്തിയിലായിരുന്നു അപകടം. കോട്ടയം ഭാഗത്തു നിന്നും ചങ്ങനാശേരിയ്ക്കു പോകുകയായിരുന്നു ആംബുലൻസ്. ഈ സമയം എതിർ ദിശയിൽ നിന്നും എത്തിയ ബൈക്കിനെ ആംബുലൻസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രക്കാരൻ റോഡിൽ തെറിച്ചു വീണു. ഈ സമയം ഓടിയെത്തിയ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് സൈറണിട്ട് ഓടിയ ആംബുലൻസിനുള്ളിൽ രോഗിയില്ലായിരുന്നുവെന്നു കണ്ടെത്തിയത്. തുടർന്നു, നാട്ടുകാർ ചേർന്ന് ആംബുലൻസ് തടഞ്ഞു നിർത്തുകയായിരുന്നു.
പരിക്കേറ്റ് റോഡിൽ വീണ ബൈക്ക് യാത്രക്കാരനെ ഇതേ ആംബുലൻസിൽ തന്നെ ചങ്ങനാശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾക്ക് സാരമായി പരിക്കേറ്റതായി സൂചനയുണ്ട്. ആംബുലൻസുകൾ രോഗികളില്ലാതെ അമിത വേഗത്തിൽ പായുന്നത് പതിവാണെന്നു പരാതി ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആംബുലൻസുകളുടെ അമിത വേഗവും അശ്രദ്ധമായ ഡ്രൈവിംങും നിയന്ത്രിക്കാൻ മോട്ടോർ വാഹന വകുപ്പും പൊലീസും കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ഇപ്പോൾ ഉയരുന്നത്.