കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിനു പിന്നാലെ ചർച്ചയാകുന്നത് ഗുരുതരമായ സുരക്ഷാ വീഴ്ച. കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിനു പിന്നാലെ ജാഗ്രതാ ന്യൂസ് ലൈവ് നടത്തിയ അന്വേഷണത്തിലാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജീവനക്കാരിൽ ആരും തന്നെ തിരിച്ചറിയൽ കാർഡ് ധരിക്കാറില്ലെന്നും, യൂണിഫോമും മുഖവും കണ്ട് ജീവനക്കാരെ തിരിച്ചറിയണമെന്നാണ് നിലപാട് എടുക്കുന്നതെന്നുമാണ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാർ പറയുന്നത്.
ഇത് തന്ത്രത്തിൽ മനസിലാക്കിയ തട്ടിപ്പുകാരി നീതു ഈ പഴുത് ഉപയോഗിച്ചാണ് ആശുപത്രിയ്ക്കുള്ളിൽ കയറിയതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന സൂചനകളിൽ നിന്നും വ്യക്തമാകുന്നത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നൂറുകണക്കിന് ജീവനക്കാരാണ് ഉള്ളത്. ഇവരെ എല്ലാവരെയും സെക്യൂരിറ്റി ജീവനക്കാർ തിരിച്ചറിയണമെന്നു പറയുന്നത് പ്രായോഗികമല്ലെന്നാണ് സെക്യൂരിറ്റി ജീവനക്കാർ പറയുന്നത്. ഈ സാഹചര്യത്തിൽ മുഴുവൻ ജീവനക്കാർക്കും തിരിച്ചറിയൽ കാർഡ് ധരിക്കാൻ നിർദേശം നൽകണമെന്നും, ആശുപത്രിയിൽ പ്രവേശിക്കാൻ തിരിച്ചറിയൽ കാർഡ് പരിശോധന നിർബന്ധമാക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരാകട്ടെ സാധാരണക്കാരായ രോഗികളോടും, കൂട്ടിരിപ്പുകാരോടും മോശമായാണ് പെരുമാറുന്നതെന്നും ആരോപണം ഉയർന്നിട്ടുണ്ട്. തട്ടിപ്പുകാർക്കും മോഷ്ടാക്കൾക്കും യഥേഷ്ടം ആശുപത്രിയ്ക്കുള്ളിൽ സഞ്ചരിക്കാൻ അവസരം ഒരുക്കുന്ന സുരക്ഷാ ജീവനക്കാർ , സാധാരണക്കാരെ തടയുന്നതും വിരട്ടിയോടിക്കുന്നതും പതിവാണ്. പൊലീസിന്റെ യൂണിഫോമിനു സമാനമായ യൂണിഫോം ധരിക്കുന്ന ജീവനക്കാർക്കെതിരെ മുൻപും പല കോണുകളിൽ നിന്നും പരാതി ഉയർന്നിരുന്നു.