ലുസൈൽ: ഈ ചിത്രമില്ലാതെ ലോകകപ്പിന്റെ ചിത്രം പൂർത്തിയാകില്ല..! തന്റെ ഇടം കാലിലെ മിന്നൽ നീക്കത്തിലൂടെ ഗോളാഘോഷിക്കുന്ന മെസിയുടെ അത്യുഗ്രൻ ചിത്രം പോസ് ചെയ്ത ഫിഫയുടെ ഔദ്യോഗിക വെബ് സൈറ്റിന്റെ വാക്കുകളായിരുന്നു ഇത്. 2022 ലോകകപ്പിലെ ആദ്യ മത്സരത്തിലെ തോൽവിയ്ക്കു ശേഷം ലയണൽ മെസിയും കൂട്ടരും മെക്‌സിക്കോയെ തകർത്തു തരിപ്പണമാക്കി രണ്ടാം റൗണ്ടിലേയ്ക്കുള്ള സാധ്യതകൾ ഇരട്ടിയാക്കി. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് അർന്റീനയുടെ ഉജ്വല വിജയം. മെസിയും, എൻസോ ഫെർണാണ്ടസുമാണ് ഗോളുകൾ നേടിയത്.
മത്സരത്തിന്റെ അറുപത്തിനാലാം മിനിറ്റിലാണ് ആ സുന്ദര നിമഷമെത്തിയത്. ബോക്‌സിന്റെ പുറത്ത് മെസിയുടെ കാലിൽ പന്തുകിട്ടുന്നു. ബാല്യകാല സുഹൃത്ത് എയ്ഞ്ചൽ ഡി മരിയയുടെ പാസ് വലം കാലിലേയ്ക്ക്. ബോക്‌സിനുള്ളിൽ ചെന്നായ്പ്പറ്റത്തെ പോലെ തക്കം പാർത്ത് പച്ചക്കുപ്പായക്കാർ നിൽക്കുന്നു. മെസിയ്‌ക്കെന്നല്ല, സാക്ഷാൽ മറഡോണയ്ക്കു പോലും ഗോളടിയ്ക്കാൻ സാധ്യതയില്ലാത്തതെന്നു തോന്നുന്ന മെക്‌സിക്കൻ പ്രതിരോധക്കോട്ട. ഈ കോട്ടയ്ക്കിടയിലെ വിടവ് ആ ഇടംകാലിലൂടെ തലച്ചോറിലേയ്ക്കും, പിന്നെ അർജന്റീനയ്ക്കായി മിടിയ്ക്കുന്ന ഹൃദയത്തിലേയ്ക്കും പാഞ്ഞെത്തി. പിന്നെ ആ ഇടം കാൽ ബോക്‌സിന് 20 യാർഡ് പുറത്തു നിന്ന് ഒന്നു ശബ്ദിച്ചു…! എ.കെ 47 തോക്കിൽ നിന്നൊരു വെടിയുണ്ട കണക്കെ, സൂപ്പർ ഗോളി ഒച്ചാവോയെ വെറുമൊരു കാഴ്ചക്കാരനാക്കി നിർത്തി പന്ത് ബോക്‌സിന്റെ താഴേ മൂലയിലേയ്ക്കു ഗ്രൗണ്ടറായി പാഞ്ഞു കയറി. ഗാലറിയിലെ മെക്‌സിക്കൻ തിരമാലകൾക്കു മേൽ നീലക്കടലിരമ്പം പാഞ്ഞുകയറി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിർണ്ണായകമായ ഗോൾ നേടിയതോടെ അർജന്റീനയ്ക്കു വേണ്ടി ലോകകപ്പിൽ എട്ടു ഗോൾ എന്ന നേട്ടവും മെസിയ്ക്ക് സ്വന്തമായി. ഡിയഗോ മറഡോണയ്ക്കും, ഗില്ലർമോ സ്റ്റാബ്‌ളയ്ക്കുമൊപ്പമാണ് ഇപ്പോൾ മെസി. ലോകകപ്പ് ഫൈനൽ റൗണ്ടിൽ പത്തു ഗോളുകൾ എന്ന ഗബ്രിയേൽ ബാസ്റ്റിറ്റിയൂട്ടയുടെ റെക്കോർഡാണ് ഇനി മെസിയെ കാത്തിരിക്കുന്നത്. 2006 ൽ ലോകകപ്പിൽ അരങ്ങേറിയ ശേഷം ലോകകപ്പ് വേദിയിൽ മെസി ബോക്‌സിനു പുറത്തു നിന്നും നേടുന്ന നാലാം ഗോളാണ് ഇത്. ഡിയഗോ ഫോർലാനെയും, ഡേവിഡ് വില്ലയെയുമാണ് ഇതോടെ മെസി ഈ റെക്കോർഡിൽ മറികടന്നത്.
87 ആം മിനിറ്റിലായിരുന്നു മധുരം ഇരട്ടിയാക്കി എൻസോ ഫെർണാണ്ടസിന്റെ രണ്ടാം ഗോൾ എത്തിയത്. വലത് വിങ്ങിലൂടെ മുന്നേറിയെത്തിയ ഫെർണാണ്ടസ്, ഇടം കാലിൽ പന്തിനെ എടുത്ത് പതിയെ വലംകാലിലേയ്ക്കു മാറ്റി ബോക്‌സിന്റെ വലത്തേ ടോപ്പിലേയ്ക്ക് കാലിൽ കൊരുത്തെറിഞ്ഞു. ഒച്ചാവോയുടെ മുഴുനീള ഡൈവിനും പക്ഷേ, ഗോളിനെ തടയാനായില്ല.
മത്സരത്തിന്റെ ആദ്യ പകുതിയിൽ അർജന്റീനൻ മുന്നേറ്റ നിരയെ പരുക്കൻ അടവുകൾ കൊണ്ട് പിടിച്ചു നിർത്താൻ മെക്‌സിക്കൻ പ്രതിരോധം ശ്രമിച്ചു. ഇതോടെ മെക്‌സിക്കൻ ബോക്‌സിലേയ്ക്കു പോലും പന്തുമായി കടന്നു ചെല്ലാൻ അർജന്റീനൻ മുന്നേറ്റത്തിന് സാധിച്ചില്ല. മാർട്ടിനസും , ഡി മരിയയും പലപ്പോഴും പന്തില്ലാതെ ബോക്‌സിലേയ്ക്കു പോലും കയറാനാവാതെ അലഞ്ഞു നടന്നു. ഇതോടെ കളിയുടെ നിയന്ത്രണം സാക്ഷാൽ മറഡോണയുടെ ശിഷ്യൻ മെസി ഏറ്റെടുത്തു. സെൻട്രൽ ലൈന് അപ്പുറത്തു നിന്നു പോലും പന്തെടുത്ത് കൂട്ടുകാർക്ക് എത്തിച്ചു നൽകുന്ന കാഴ്ച ആദ്യ പകുതിയിൽ കാണാമായിരുന്നു.
മെക്‌സിക്കോയ്‌ക്കെതിരായ മിന്നും ജയത്തോടെ ടൂർണമെന്റ് പട്ടികയിൽ അർജന്റീന മൂന്നു പോയിന്റുമായി രണ്ടാം സ്ഥാനത്തേയ്ക്ക് ഉയർന്നു.