ബ്യൂണസ് ഐറിസ്: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ വെനസ്വേലയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് അർജന്റീന തകർത്തിരുന്നു.ഇതിഹാസതാരം ലയണല്‍ മെസ്സി അർജന്റീനക്കായി സ്വന്തം നാട്ടില്‍ കളിക്കുന്ന അവസാന മത്സരമാണ് ഇതെന്നായിരുന്നു റിപ്പോർട്ടുകള്‍. അർജന്റീന ഫുട്ബോള്‍ ഫെഡറേഷൻ ഇക്കാര്യത്തില്‍ ഔദ്യോഗികമായ പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും ഇനി നാട്ടില്‍ കളിക്കാൻ മെസ്സിക്ക് അവസരം ലഭിക്കാനിടയില്ല. ഇപ്പോഴിതാ മത്സരത്തിനിടെ സംഭവിച്ച ഒരു കാര്യത്തിന്റെ പേരില്‍ മെസ്സിക്ക് തന്നെ കൊല്ലാൻ തോന്നിയിട്ടുണ്ടാകുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അർജന്റീന താരം ഫ്രാങ്കോ മസ്റ്റാന്റുവോനോ.
വെനസ്വേലയ്ക്കെതിരായ മത്സരത്തില്‍ മെസ്സി ഇരട്ട ഗോളുകളുമായി തിളങ്ങിയിരുന്നു. ഒരു തവണ കൂടി മെസ്സി പന്ത് വലയിലെത്തിച്ചിരുന്നെങ്കിലും അത് ഓഫ് സൈഡാകുകയായിരുന്നു. സ്വന്തം നാട്ടിലെ അവസാന മത്സരത്തില്‍ മെസ്സി ഹാട്രിക് നേടുമെന്നു തന്നെ ആരാധകർ പ്രതീക്ഷിച്ചിരുന്നെങ്കിലും അത് നടന്നില്ല. എന്നാല്‍ 18-കാരൻ മസ്റ്റാന്റുവോനോയുടെ ഒരു തീരുമാനമാണ് മെസ്സിക്ക് ഹാട്രിക്ക് നഷ്ടപ്പെടുത്തിയതെന്ന് വേണമെങ്കില്‍ പറയാം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വെനസ്വേലയ്ക്കെതിരായ മത്സരം ദേശീയ ടീമില്‍ മസ്റ്റാന്റുവോനോയുടെ രണ്ടാമത്തെ മത്സരമായിരുന്നു. മെസ്സിക്കൊപ്പം കളിക്കുന്നതിന്റെ ആവേശത്തിലായിരുന്നു റയല്‍ മാഡ്രിഡ് താരം കൂടിയായ മസ്റ്റാന്റുവോനോ. മത്സരത്തില്‍ തകർപ്പൻ ഫോമിലായിരുന്നു മെസ്സി. സഹതാരങ്ങള്‍ അദ്ദേഹത്തെ നന്നായി പിന്തുണയ്ക്കുന്നുണ്ടായിരുന്നു. ജൂലിയൻ അല്‍വാരസും തിയാഗോ അല്‍മാഡയും നല്കിയ മികച്ച അസിസ്റ്റുകളില്‍ നിന്നായിരുന്നു മെസ്സിയുടെ ഗോളുകള്‍. എന്നാല്‍ മെസ്സിക്ക് ഹാട്രിക് തികയ്ക്കാനുള്ള അവസരം മസ്റ്റാന്റുവോനോ കാരണം നഷ്ടപ്പെടുകയായിരുന്നു.
മത്സരത്തിനിടെ ബോക്സിനടുത്തുവെച്ച് പന്തു ലഭിച്ച മസ്റ്റാന്റുവോനോ, അത് അപ്പോള്‍ മികച്ച പൊസിഷനിലുണ്ടായിരുന്ന മെസ്സിക്ക് പാസ് ചെയ്യുന്നതിനു പകരം നേരിട്ട് ഷൂട്ട് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. പന്ത് പുറത്തേക്ക് പോകുകയും ചെയ്തു. ”അദ്ദേഹത്തിന് എന്നെ കൊല്ലാൻ തോന്നിയിട്ടുണ്ടാകും. പക്ഷേ അദ്ദേഹത്തിന് കാര്യം മനസിലായി. അങ്ങനെ ചെയ്തതില്‍ ഞാൻ ക്ഷമ ചോദിച്ചു.” – മസ്റ്റാന്റുവോനോ പറഞ്ഞു.